തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരെ പടയൊരുക്കം. നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെതിരെ ഔദ്യോഗികമായി എ.ഐ.സി.സിക്ക് പരാതി നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. വിവാദമുണ്ടായിട്ടും നിലപാട് തിരുത്താൻ തയ്യാറാവാത്തതിൽ ശശി തരൂരിനെതിരെ അമർഷം പുകയുന്നു.
കേരളത്തെ പുകഴ്ത്തിയുള്ള ലേഖനത്തെ ഒരേ സ്വരത്തിൽ കോൺഗ്രസ് നേതാക്കൾ എതിർത്തിട്ടും തിരുത്താൻ ശശി തരൂർ തയ്യാറായിട്ടില്ല. ഇതോടെയാണ് ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാൻ നേതാക്കളിൽ തന്നെ ഒരു വിഭാഗത്തിന്റെ തീരുമാനം. നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എ.ഐ.സി.സിക്ക് കത്ത് നൽകാൻ കെ.പി.സി.സിയോട് ആവശ്യപ്പെടും. കെ.പി.സി.സി ഔദ്യോഗികമായി കത്ത് നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ വിഷയം ഹൈക്കമാൻഡിനെ ധരിപ്പിക്കാനും ചില നേതാക്കൾ പദ്ധതിയിടുന്നുണ്ട്. കെ- റെയിൽ വിഷയത്തിൽ ഉൾപ്പെടെ തരൂർ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാണിച്ചാണ് ഇവരുടെ നീക്കം. പാർട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനാണ് ശശി തരൂരിൻ്റെ ശ്രമമെന്നാണ് പാർട്ടിക്കുള്ളിൽ സംസാരം. തരൂരിന്റെ ഇടതു പ്രേമത്തെ ആശങ്കയോടെ നോക്കിക്കാണുന്നവരും ഉണ്ട്. പ്രശ്നം വഷളാക്കാതെ പറഞ്ഞു തീർക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ മണ്ഡലത്തിലും ശശി തരൂർ സജീവമാകുന്നില്ലെന്ന പരാതിയും ഉയരുന്നു. ശശി തരൂരിനെ പരസ്യമായി തള്ളി കെ.സി വേണുഗോപാൽ ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയത്തിൽ ഹൈക്കമാൻഡിൻ്റെ ഇടപെടലും ഉണ്ടാകാൻ സാധ്യതയുണ്ട്.