മൂന്നാർ : മൂന്നാറിൽ കാട്ടാന ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. കാർ റോഡിൽ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.
അതിനിടെ പുല്‍പ്പള്ളി ഭൂദാനം ഷെഡില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. ഇന്നലെ രാത്രിയാണ് വീടുകളുടെ മുറ്റത്ത് അടക്കം ആന ഇറങ്ങിയത്. ആന ഉണ്ടെന്ന് വീട്ടുകാരെ അറിയിക്കാൻ ഹോണ്‍ അടിച്ച ബൈക്ക് യാത്രക്കാരന് നേരെയും ആന പാഞ്ഞടുത്തു. ഒടുവില്‍ പടക്കം പൊട്ടിച്ചാണ് നാട്ടുകാർ കാട്ടാനയെ തുരത്തിയത്.