അവതാരകൻ അയാളുടെ ജോലി ചെയ്ത് കൂലി വാങ്ങി പൊക്കോണം; കോണ്‍ഗ്രസുകാരനായ അവതാരകൻ രാഷ്ട്രീയം കളിച്ചെന്ന് സിപിഎം

Advertisement

പത്തനംതിട്ട: പത്തനംതിട്ട ടൗണ്‍സ്ക്വയര്‍ ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറഞ്ഞ അവതാരകനെ പരിപാടിക്കുശേഷം സിപിഎം പ്രാദേശിക നേതാക്കള്‍ മര്‍ദിച്ചുവെന്ന ആരോപണത്തിൽ വിശദീകരണുമായി സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി. അവതാരകൻ അതിരുവിട്ടുവെന്നും അത് ചൂണ്ടികാണിച്ചുവെന്നും മര്‍ദിച്ചിട്ടില്ലെന്നും സിപിഎം ഏരിയാ സെക്രട്ടറി എംവി സഞ്ജു പറഞ്ഞു.

അവതാരകൻ അവതാരകന്‍റെ ജോലി ചെയ്ത് കൂലി വാങ്ങി പൊക്കോണമെന്നും എന്നാൽ അയാള്‍ അവിടെ രാഷ്ട്രീയം കളിച്ചുവെന്നും സഞ്ജു പറഞ്ഞു. സ്വാഗത പ്രസംഗത്തിനിടെ സ്പീക്കറെയും മന്ത്രിയെയും അവതാരകൻ അപമാനിച്ചു. അവതാരകനായ ബിനു കെ സാം കോണ്‍ഗ്രസ് സംഘടനാ നേതാവാണ്. അയാള്‍ പരിപാടിയിൽ രാഷ്ട്രീയം കലര്‍ത്തി മന്ത്രിയെയും സ്പീക്കറെയും വിമര്‍ശിച്ചു. വീണ ജോര്‍ജും നഗരസഭ ചെയര്‍മാനും തമ്മിൽ ഗ്രൂപ്പ് പോരില്ലെന്നും എംവി സഞ്ജു പറഞ്ഞു.

അതേസമയം, ഏരിയാ സെക്രട്ടറിയും സംഘവുമാണ് മര്‍ദിച്ചതെന്നും ഇന്നലത്തെ സംഭവം ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും അവതാരകനായ ബിനു കെ സാം പറഞ്ഞു. നഗരസഭ ചെയർമാനും മന്ത്രി വീണ ജോർജ്ജും തമിലുള്ള തർക്കത്തിൽ തന്നെ ഇരയാക്കുകയായിരുന്നു. രാത്രിയിൽ വിളിച്ച സിപിഎം നേതാക്കളാണ് ഇക്കാര്യം പറഞ്ഞത്. സിപിഎം ഭരിക്കുമ്പോൾ ഏരിയാ സെക്രട്ടറി ഉൾപ്പെടെ നേതാക്കള്‍ക്കെതിരെ പൊലീസിൽ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല. തൽക്കാലം പരാതി കൊടുക്കുന്നില്ല. പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വരെ അവതാരകനായിട്ടുണ്ടെന്നും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും ബിനു കെ സാം പറഞ്ഞു.

കോൺഗ്രസ് അധ്യാപക സംഘടനാ നേതാവ് കൂടിയായ തന്നെ സൗഹൃദത്തിന്‍റെ പുറത്താണ് നഗരസഭ ചെയർമാൻ വിളിച്ചത്. ഇന്നലത്തെ സംഭവത്തിൽ ചെയർമാൻ നേരിട്ട് വിളിച്ചു മാപ്പ് പറഞ്ഞു എന്നും ബിനു കെ സാം പറഞ്ഞു. ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടന ചടങ്ങിനിടെ ആരോഗ്യമന്ത്രി, സ്പീക്കർ എന്നിവരെ സ്വാഗതം ചെയ്ത രീതി ശരിയായില്ലെന്ന് ചൂണ്ടികാട്ടിയാണ് അധ്യാപകൻ കൂടിയായ ബിനു കെ. സാമിനെ മർദിച്ചത്.

അതേസമയം, ആരെയും മർദ്ദിച്ചിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തെന്നുമാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം. അതേസമയം, പൊലീസിലേക്ക് പരാതി പോകാതിരിക്കാൻ നഗരസഭ ചെയർമാൻ ഉൾപ്പെടെ സിപിഎം നേതാക്കൾ അനുനയനീക്കം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here