പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യ: സ്കൂൾ ക്ലർക്കിന് സസ്പെൻഷൻ, ‘വിദ്യാർഥിയോട് സ്വീകരിക്കാൻ പാടില്ലാത്ത സമീപനമുണ്ടായി’

Advertisement

തിരുവനന്തപുരം: കാട്ടാക്കട പരുത്തിപ്പള്ളി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. വിദ്യാർഥി ഏബ്രഹാം ബെൻസൺ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ക്ലർക്ക് ജെ.സനലിനെയാണു സസ്പെൻഡ് ചെയ്തത്.

അന്വേഷണത്തിനായി സർക്കാർ നിയോഗിച്ച വൊക്കേഷനൽ ഹയർസെക്കൻഡറി ഡപ്യൂട്ടി ഡയറക്ടർക്കു വേണ്ടി സ്കൂളിലെത്തിയ അസിസ്റ്റന്റ് ഡയറക്ടർക്ക് പ്രിൻസിപ്പൽ പ്രീത ബാബു റിപ്പോർട്ട് കൈമാറി. വിദ്യാർഥിയോടു സ്വീകരിക്കാൻ പാടില്ലാത്ത സമീപനം ക്ലർക്കിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ക്ലർക്കിനു സംഭവിച്ച വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

നേരത്തേയും വിദ്യാർഥികൾക്കെതിരായ ക്ലർക്കിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു റിപ്പോർട്ട് നൽകിയിരുന്നു. ഒന്നിലധികം തവണ അച്ചടക്ക നടപടി നേരിട്ടിട്ടുള്ള ക്ലർക്ക് 2023ൽ ശിക്ഷണ നടപടിയുടെ ഭാഗമായാണ് ഇവിടെ എത്തിയത്.

സ്കൂൾ വളപ്പിൽ ജീവനൊടുക്കിയ വിദ്യാർഥി കുറ്റിച്ചൽ തച്ചൻകോട് അനിൽ ഭവനിൽ ഏബ്രഹാം ബെൻസണിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ സ്കൂൾ അധികൃതരും സഹപാഠികളും നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. സ്കൂളിൽ പൊതുദർശനം നടത്താൻ ബന്ധുക്കൾ അനുവദിച്ചില്ല.

ഏബ്രഹാം ബെൻസന്റെ മരണത്തിൽ കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രിൻസിപ്പൽ ഉൾപ്പെടെ ചിലരിൽനിന്ന് പ്രാഥമിക വിവരങ്ങൾ തേടിയെങ്കിലും നാളെ മുതൽ സ്കൂൾ അധികൃതർ, സഹപാഠികൾ, ഏബ്രഹാമിന്റെ ബന്ധുക്കൾ തുടങ്ങിയവരുടെ മൊഴിയെടുക്കും. ഏബ്രഹാം ബെൻസണിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here