തൃശൂർ:ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ.റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറായ ആരതി പൊടിയും വിവാഹിതരായി. ഞായറാഴ്ച്ച പുലർച്ചെ ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛൻ സമ്മാനിച്ചത്. ഈ കാർ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സർപ്രൈസ് ആയിപ്പോയെന്നും ഇത്രയും വലിയൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും ആരതി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
വിവാഹത്തിനുശേഷം ഇരുവരും രണ്ട് വർഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല്‍ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. മാസങ്ങള്‍ ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26-ാം തിയ്യതി അസർബെയ്ജാനിലേക്കാണ്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.