കൊച്ചി:സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്.
ഇതിനിടെ മോഹൻലാല്‍ തന്നെ വിളിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് കുമാർ.
‘മോഹൻലാല്‍ എന്നെ വിളിച്ചിരുന്നു. എന്നാല്‍ ഞാൻ ഫോണ്‍ എടുത്തില്ല. ഇപ്പോള്‍ സംസാരിച്ചാല്‍ ശരിയാകില്ല. ഞാൻ കുളിക്കുമ്പോഴാണ് മോഹൻലാല്‍ വിളിച്ചത്. ഞാൻ എടുത്തില്ല. ഇപ്പോള്‍ ഞാൻ സംസാരിച്ചാല്‍ അവനുമായി മോശമായ സംസാരമാകും. എനിക്ക് അവനുമായി പ്രശ്‌നമില്ല. സൗഹൃദക്കുറവുമില്ല. ആരേലും സ്‌ക്രൂ കയറ്റിയാല്‍ ലാല്‍ ചൂടാവും’- എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങള്‍ക്കെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ജൂണ്‍ ഒന്ന് മുതല്‍ നിർമ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി സുരേഷ്‌കുമാർ പറഞ്ഞത് സിനിമയ‌്ക്കുള്ളല്‍ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നുമാണ് ആന്റണി ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്. ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അപർണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആന്റണിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും സുരേഷ് കുമാർ പറയുന്നു. ആന്റണിയെ മുന്നില്‍ നിറുത്തി ചില താരങ്ങള്‍ കളിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഫേസ്ബുക്ക് പോസ്‌റ്റിന് പിന്നില്‍ ആന്റണിയാണെന്ന് വിശ്വസിക്കുന്നില്ല. ആന്റണിക്ക് അതു പറയാനുള്ള ഒരു ആംപിയറുമില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പറയുന്ന ആളല്ല ആന്റണി പെരുമ്പാവൂരെന്നും സുരേഷ് കുമാർ പറഞ്ഞു.