ചാലക്കുടി: കത്തി കാട്ടി ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽനിന്ന് 15 ലക്ഷം രൂപ കവർന്ന പ്രതി റിജോയെ പൊലീസ് കുടുക്കിയത് ഉറക്കമൊഴിച്ച് രാപകലില്ലാതെ മൂന്ന് ദിവസം നടത്തിയ അന്വേഷണത്തിൽ. തെളിവുകളില്ല, സൂചനകളില്ല. പക്ഷേ പോട്ടയിൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതിയെ മിടുക്കരായ ചാലക്കുടി പൊലീസ് പൊക്കി. മൂന്നു ദിവസമായി ആർക്കും ഉറക്കമുണ്ടായില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ പറഞ്ഞു. ഞായറാഴ്ചയായിട്ടും ഒരാൾ പോലും വീട്ടിൽ പോയില്ല. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അന്വേഷണത്തിന്റെ ഭാഗമായി.
ഉന്നത പൊലീസ് അധികാരികളുമായി ദിവസവും പലവട്ടം വിഡിയോ കോൺഫറൻസ് നടത്തി അന്വേഷണം വിലയിരുത്തി. സൈബർ ടീമുകളുടെ സഹായവും തേടി. ആദ്യം 25 അംഗ സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ഏഴ് പേരെ കൂടി ഭാഗമാക്കി. ബാങ്കിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പോട്ട ആശാരിപ്പാറ സ്വദേശി തെക്കൻ റിജോ ആന്റണിയാണ് (റിന്റോ–49) പ്രതിയെന്നു അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തി. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ഇന്നലെ രാവിലെ തന്നെ ഇയാളിലേക്ക് അന്വേഷണത്തിന്റെ മുന നീണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിക്കാനായി പൊലീസ് കാത്തു. ഉച്ചയ്ക്കു ശേഷം വീട്ടിലെത്തി ചോദ്യം ചെയ്തതോടെ ആദ്യം നിഷേധിച്ചെങ്കിലും ഒടുവിൽ സമ്മതിച്ചു. മോഷണത്തിനായി പോയ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ആർഭാട ജീവിതത്തിനു പണം കണ്ടെത്താനായിരുന്നു ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവർച്ച നടത്തിയത്. ഗൾഫിലായിരുന്ന റിജോ രണ്ട് വർഷം മുൻപാണ് ആശാരിപ്പാറയിലേക്കു താമസത്തിനെത്തിയത്.
വീട്ടിൽ ഇയാളുടെ സ്കൂട്ടർ കണ്ട പൊലീസ് പ്രതി റിജോ തന്നെയെന്ന് ഉറപ്പിച്ചു. വീട്ടിലേക്കുള്ള വഴികളിലെല്ലാം പൊലീസ് നിലയുറപ്പിച്ച ശേഷമാണ് അന്വേഷണ സംഘാംഗങ്ങൾ വീട്ടിലേക്കു കയറിയത്. പൊലീസാണെന്നു തിരിച്ചറിഞ്ഞതോടെ പ്രതി ഞെട്ടി. ബാങ്ക് ജീവനക്കാരെ വിരട്ടാൻ ഉപയോഗിച്ച കറിക്കത്തി വിദേശത്തു നിന്ന് കൊണ്ടു വന്നതാണ്. എന്നാൽ ഇതു കണ്ടെടുക്കാനായില്ലെന്നു പൊലീസ് അറിയിച്ചു.
10 ലക്ഷം രൂപ ബണ്ടിൽ പൊട്ടിക്കാതെ സൂക്ഷിച്ചിരുന്നതു പൊലീസ് കണ്ടെടുത്തതായാണു സൂചന. ഭാര്യ അയച്ചു കൊടുക്കുന്ന പണം ധൂർത്തടിക്കുന്നതും ഇയാളുടെ പതിവാണത്രേ. ഇന്നലെ ഇയാളുടെ വീട്ടിൽ നടന്ന കുടുംബയോഗത്തിൽ എത്തിയവരോട് കളിചിരികളുമായി സംസാരിക്കുമ്പോഴും ഇയാളാണ് പ്രതിയെന്ന് ആർക്കും സംശയമുണ്ടായില്ല. പൊലീസ് എത്തുമ്പോൾ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു പ്രതി. അതിനു മുൻപു മഫ്തിയിൽ പലവട്ടം എത്തി പൊലീസ് നിരീക്ഷണം നടത്തി മടങ്ങിയിരുന്നു.
ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർമാരായ എം.കെ.സജീവ് (ചാലക്കുടി), അമൃത് രംഗൻ (കൊരട്ടി), പി.കെ.ദാസ് (കൊടകര), വി.ബിജു (അതിരപ്പിള്ളി), എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്.സൂരജ്, സി.എൻ.എബിൻ, കെ.സലിം, പി.വി.പാട്രിക് എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷൽ സ്ക്വാഡും ഉണ്ടായിരുന്നു. ഇടശേരി ജ്വല്ലറി കവർച്ചയും ഹൈവേ കൊള്ളയും അടക്കം തെളിയിച്ച പൊലീസ് സംഘമാണ് ചാലക്കുടിയിലേത്.