പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിനു സമീപമുണ്ടായ സംഘർഷത്തിലാണ് പെരുനാട് മാമ്പാറ സ്വദേശി ജിതിനു (36) കുത്തേറ്റത്. പ്രദേശത്തു നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.
ജിതിനെ കൊലപ്പെടുത്തിയതു ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു. എന്നാൽ ജിതിന്റെ കൊലപാതകം ബിജെപിയുടെ മുകളില്‍ കെട്ടിവയ്ക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞത്. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും ഈ കൊലപാതകത്തില്‍ പങ്കില്ലെന്നും സൂരജ് വ്യക്തമാക്കി. പത്തനംതിട്ട എസ്പി, റാന്നി ഡിവൈഎസ്പി എന്നിവര്‍ കൊലപാതകസ്ഥലം പരിശോധിച്ചു.
ജിതിന്റെ കൊലപാതകത്തില്‍ എട്ടു പേരെയാണ് എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടുള്ളത്. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണു പ്രതികള്‍. പ്രതി വിഷ്ണു കാറില്‍നിന്നു കത്തിയെടുത്ത ശേഷം ജിതിനെ കുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിലപാട്.