തിരുവനന്തപുരം. കേരള മനസാക്ഷിയെ ഞെട്ടിച്ച ജെഎസ് സിദ്ധാർത്ഥന്റെ മരണം നടന്ന് ഇന്നേക്ക് ഒരാണ്ട്. വിദ്യാലയങ്ങളില്‍ വളരുന്ന അക്രമവാസനയെ നിലയ്ക്കു നിര്‍ത്താന്‍ ഇന്നുമായിട്ടില്ലെന്ന് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. സഹപാഠികളെന്ന് പറയുന്ന നരാധമന്മാരുടെ ക്രൂരമായ പീഡനത്തിന് വിധേയനായാണ് സിദ്ധാര്‍ത്ഥന്‍ മരണത്തിന് കീഴടങ്ങുന്നത്. പൂക്കോട് വെറ്റനറി കോളേജില്‍ നടന്ന ക്രൂരവിചാരണയുടെ ഇരയാണ് ഈ വിദ്യാര്‍ത്ഥി.
ഫെബ്രുവരി പതിനാറ് രാത്രി. വലന്‍റൈന്‍ ദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ തിരികെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയ ശേഷമുള്ള ആ രാത്രി. എങ്ങോട്ടും പോകാന്‍ അനുവദിക്കാതെ രാത്രി ഒമ്പത് മണി മുതല്‍ തുടങ്ങിയ ക്രൂരമര്‍ദനം. അര്‍ദ്ധ നഗ്നനാക്കി നിര്‍ത്തിയുള്ള മര്‍ദ്ദനമുറകള്‍. ബെല്‍റ്റും, ഇലട്രിക് വയറും ഉപയോഗിച്ചും മുഷ്ടികൊണ്ടും കാല്‍കൊണ്ടും തൊഴിച്ചുമുള്ള ആക്രമണം. പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ട വിചാരണ.പതിനെട്ടിന് ഉച്ചയോട് അടുത്ത് കുളിമുറിയില്‍ പോയ സിദ്ധാര്‍ത്ഥന്‍ പിന്നീട് മടങ്ങിയെത്തിയില്ല. വാതില്‍ തകര്‍ത്ത് അകത്ത് കയറിയവര്‍ തൂങ്ങി നില്‍ക്കുന്ന സിദ്ധാര്‍ത്ഥനെയാണ് കണ്ടത്.
ഫെബ്രുവരി 23ന് 12 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. ഫെബ്രുവരി 28ന് ആറ് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. ഇതില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ഉള്‍പ്പെടും. തുടര്‍ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പൊലീസിന്‍റെ വലയിലായി. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ 19 പേര്‍ക്ക് മൂന്ന് വര്‍ഷം പഠനവിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് നാല് മുതല്‍ 10 ദിവസത്തേക്ക് കൊളേജ് അടച്ചിട്ടു.
മാര്‍ച്ച് അഞ്ചിന് കോളേജ് ഡീനിനും അസിസ്റ്റന്‍റ് വാര്‍ഡനും സസ്പെന്‍ഷന്‍. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിദ്ധാര്‍ത്ഥന്‍റെ മരണം ആത്മഹത്യയെന്ന സ്ഥീരീകരണത്തിലേക്കെത്തിച്ചേര്‍ന്നു.
കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ച് ഏപ്രില്‍ അഞ്ചിന് സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും പൊലീസ് കണ്ടത്തിയതിനപ്പുറത്തേക്കൊരു കണ്ടെത്തലും സിബിഐയില്‍ നിന്നും ഉണ്ടായില്ല.