തിരുവനന്തപുരം. സംസ്ഥാന കോൺഗ്രസിൽ തലവേദന സൃഷ്‌ടിച്ച ശശി തരൂരിന്റെ ലേഖന വിവാദത്തിൽ ഇടപെട്ടു കോൺഗ്രസ്സ് ദേശീയ നേതൃത്വം.AICC നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ KPCC അധ്യക്ഷൻ കെ.സുധാകരൻ ശശി തരൂരുമായി സംസാരിച്ചു.
അതിനിടെ സിപിഐഎമ്മിനെ നരഭോജിയെന്നു വിശേഷിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് ശശി തരൂർ
പിൻവലിച്ചത് മറ്റൊരു വിവാദമായി
വ്യവസായ വകുപ്പിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖന വിവാദത്തിന് പിന്നാലെ അസാധാരണ നീക്കങ്ങളും പ്രതികരണങ്ങളുമാണ് കോൺഗ്രസിൽ നിന്നുണ്ടാകുന്നത്.സംസ്ഥാന കോൺഗ്രസിൽ
വേണ്ട വിധത്തിലുള്ള പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ശശി തരൂരിനുണ്ടായിരുന്നു.ഈ പരാതികൾ ദേശീയ
നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ തരൂർ തന്നെ കുപ്പിയിൽ നിന്നും തുറന്നു വിട്ട
ഭൂതമാണ് ലേഖന വിവാദമെന്ന് കോൺഗ്രസിലെ ചില നേതാക്കൾക്ക് തന്നെ അഭിപ്രായമുണ്ട്.വിവാദം പാർട്ടിക്കുള്ളിൽ പ്രശ്നമായതോടെയാണ് AICC നേതൃത്വത്തിന്റെ ഇടപെടൽ.KPCC അധ്യക്ഷൻ കെ.സുധാകരൻ പാർട്ടി
നിലപാടിനൊപ്പം നിൽക്കണമെന്ന് ശശി തരൂരിനോട് ആവശ്യപ്പെട്ടു.
ശശി തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറച്ച നിലപാടിലാണ്.ശശി തരൂരിന്റെ കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തുമെന്നു
വി ഡി സതീശൻ പ്രതികരിച്ചു
ഇതിനിടെയാണ് സിപിഐഎമ്മിനെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ശശി തരൂർ പിൻവലിച്ചത്.സിപിഐഎം നരഭോജികൾ
കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ ദിനം എന്നായിരുന്നു ആദ്യ ഫേസ് ബുക്ക് പോസ്റ്റ്.
എന്നാൽ സിപിഐഎം നരഭോജികൾ എന്നുള്ളത് ഒഴിവാക്കി കൃപേഷിന്റെയും ശരത് ലാലിന്റെയും ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റ് പിന്നീട് പ്രത്യക്ഷപ്പെട്ടു.ഇതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്