തിരുവനന്തപുരം : കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പുതിയ യു.ജി. സി ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയം അവതരിപ്പിക്കാനാണ് ഇടതുപക്ഷ അംഗങ്ങൾ ശ്രമിച്ചതെന്നും കേരള സർവകലാശാല സിൻഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവര്‍ പറഞ്ഞു.
അക്കാദമിക്ക് കൗൺസിലിന്റെ പരിഗണനാ വിഷയത്തിൽ പെട്ടതല്ലെന്നും യു ജി. സി ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ സർവ്വകലാശാലാ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ പ്രമേയം നിരസിച്ച വിവരം കൗൺസിൽ യോഗത്തിൽ വിശദീകരിച്ചു. എന്നാൽ, അജണ്ടയിൽ ഇല്ലാത്ത പ്രമേയം ചർച്ച ചെയ്യണമെന്നും അംഗീകരിക്കണമെന്നും ഇടതുപക്ഷ അംഗങ്ങൾ വാശി പിടിച്ചത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കേന്ദ്രസർക്കാറിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേന്ദ്രവിരുദ്ധ രാഷ്ട്രീയ ചേരിയിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരെയും വിദ്യാഭ്യാസ വിചക്ഷണരെയും അണിനിരത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഇടതുമുന്നണിയുടെ അജണ്ടയുടെ ഭാഗമാണ് ഇന്ന് അക്കാദമിക് കൗൺസിലിൽ ഉണ്ടായ സംഭവവികാസങ്ങൾ. യു.ജി.സി ഭേദഗതി സംബന്ധിച്ച് വിയോജിപ്പുകളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ എല്ലാവർക്കും ജനാധിപത്യപരമായ അവസരം നിലനിൽക്കെ, ഇല്ലാത്ത അധികാരം പ്രയോഗിക്കാനുള്ള അക്കാദമിക് കൗൺസിലിലെ ഇടത് അംഗങ്ങളുടെ നീക്കം തികച്ചും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. ചട്ടവിരുദ്ധമായി, അജണ്ടയിൽ ഇല്ലാത്ത പ്രമേയം രേഖയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് വൈസ് ചാൻസലർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ നിന്ന് ഇവര്‍ വാക്കൗട്ട് ചെയ്യുകയും രേഖാ മൂലം ചാൻസലർക്കും, വൈസ് ചാൻസലർക്കും പരാതി നൽകുകയും ചെയ്തു.