കാര്യവട്ടം ഗവ.കോളജിലും റാഗിംങ് നടന്നതായി കണ്ടെത്തി, ഏഴ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്സെടുത്തു

Advertisement

തിരുവനന്തപുരം: കാര്യവട്ടം ഗവ.കോളജിൽ രണ്ട് വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ റാഗിങ് നടത്തിയതായി കണ്ടെത്തി. മർദ്ദനമേറ്റ് അവശനായ വിദ്യാർത്ഥിയെ തുപ്പിയ വെളളം കുടിപ്പിച്ചെന്നും തെളിവായി ആൻ്റി റാഗിങ്ങ് കമ്മിറ്റി കണ്ടെത്തി.കോളജിൽ റാഗിങ് നടന്നതായി തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ സ്ഥിരീകരിച്ച് പ്രിൻസിപ്പാളിന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പ്രിൻസിപ്പൽ കാര്യവട്ടം പോലീസിന് കൈമാറി.
കാര്യവട്ടം ഗവ.കോളജിൽ 11-ാം തീയതി ചൊവ്വാഴ്ചയായിരുന്നു സംഭവം.ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസ് (21) ഒന്നാം വർഷ ബയോകെമിസ്ട്രി വിദ്യാർത്ഥി അഭിഷേക് (21 ) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരു വിദ്യാർത്ഥികളുടെയും രഹസ്യമൊഴി കോളജിലെ ആൻറി റാഗിങ്ങ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് വരുമ്പോൾ സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് സംഘം ചേർന്ന് അഭിഷേകിനെ ആദ്യം മർദ്ദിച്ചു. ഏറെ നേരത്തെ മർദ്ദനത്തിന് ശേഷം അഭിഷേകിനെ വിരട്ടി ഓടിച്ചു. തുടർന്ന് ബിൻസിനെ പിടികൂടിയ സംഘം യൂണിയൻ ഓഫീസിൽ കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു. മുട്ട് കുത്തി നിൽക്കാൻ പറഞ്ഞു. കുനിച്ച് നിർത്തി മർദ്ദിച്ചു. അടി കൊണ്ട് അവശനായ ബിൻസ് വെള്ളം കുടിക്കാൻ ചോദിച്ചപ്പോൾ കുപ്പിവെള്ളത്തിനുള്ളിൽ തുപ്പിയ ശേഷം അത് കുടിപ്പിച്ചു. തുപ്പിയാൽ അടിച്ച കൈകാലുകൾ ഒടിക്കുമെന്ന ഭീഷണിപ്പെടുത്തി. ഷർട്ട് വലിച്ച് കീറി. ബിൻസ് ജോസ് നൽകിയ പരാതിയിൽ മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർത്ഥി പാർഥൻ എന്നിവർക്കെതിരെയാണ് കേസ്സെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here