പോത്തൻകോട് വാഹനാപകടത്തിൽ മരിച്ച ദമ്പതിമാർക്ക് അന്ത്യാജ്ഞലി അർപ്പിച്ച് നാട്. സേഫ്റ്റി ഓഫീസറായ ദിലീപിന് പ്രമോഷൻ ലഭിച്ച് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തവും തേടിയെത്തിയത്. പോത്തൻകോട് അയിരൂപ്പാറ അരുവിക്കരക്കോണം ദിവ്യാ ഭവനിൽ ജി.ദിലീപ് , ഭാര്യ നീതു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ടുപേർക്കും അടുത്തടുത്തായാണ് അന്ത്യവിശ്രമത്തിന് ബന്ധുക്കൾ ഇടം ഒരുക്കിയത്. പൗഡിക്കോണം നെല്ലിക്കവിളയിൽ നീതുവിന്റെ കുടുംബവീട്ടിൽ പോയി മടങ്ങും വഴി എതിർ ദിശയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ദമ്പതികൾ സഞ്ചരിക്കുന്ന ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന നീതു തെറിച്ചു സമീപത്തെ മതിലിനു മുകളിലൂടെ വീടിന്റെ ചുവരിലിടിച്ചു വീഴുകയായിരുന്നു. ദിലീപ് റോഡിലേക്കും വീണു. ഇരുവരും അബോധാവസ്ഥയിലായിരുന്നു.നീതുവിനെ ഏറെ സമയം കഴിഞ്ഞാണ് കണ്ടെത്തിയത്. ഇരുവരെയും മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച ബൈക്കിലുണ്ടായിരുന്ന പോത്തൻകോട് പ്ലാമൂട് ചെറുകോണത്തുവീട്ടിൽ സച്ചുവും സുഹൃത്ത് കാട്ടായിക്കോണം സ്വദേശി അമലും മെഡിക്കൽകോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.