തിരുവനന്തപുരം. പാതിവില തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണൻ പരീക്ഷിച്ചത് മണി ചെയിൻ മാതൃക. കുറച്ചുപേർക്ക് സ്കൂട്ടറുകൾ നൽകിയശേഷം കൂടുതൽ പേരെ ആകർഷിക്കുക എന്ന രീതിയാണ് താൻ ചെയ്തതെന്ന് പ്രതി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പ്രതിയുടെ 11 അക്കൗണ്ടുകളിൽ നിന്നായി ചിലവഴിച്ച 548 കോടി രൂപയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അനന്ദു കൃഷ്ണന്റെ കടവന്ത്രയിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി.പരിശോധനയ്ക്കായി ഈ ഡി ഉദ്യോഗസ്ഥരും എത്തിയിരുന്നുവെങ്കിലും ക്രൈംബ്രാഞ്ച് പരിശോധന നടക്കുന്നതിനാൽ അവർ മടങ്ങുകയായിരുന്നു.പാതിവില തട്ടിപ്പ് കേസിൽ മുഖ്യാസൂത്രകൻ ആനന്ദ് കുമാർ എന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും
പാതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തുകൃഷ്ണനെ ക്രൈം ബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് കടവന്ത്രയിലെ സോഷ്യൽ ബി വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.നിക്ഷേപങ്ങൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്നത് ഈ സ്ഥാപനത്തിൽ ആയിരുന്നു.അനന്തു കൃഷ്ണന്റെ 11 അക്കൗണ്ടുകളിലൂടെ വന്ന 548 കോടി രൂപ എങ്ങനെ ചെലവഴിച്ചു എന്നതും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.
ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ മണി ചെയിൻ മാതൃകയിലുള്ള നിക്ഷേപം സ്വീകരിക്കലാണ് താൻ ഉദ്ദേശിച്ചതെന്ന് പ്രതി മൊഴി നൽകി.കുറച്ചുപേർക്ക് ആദ്യഘട്ടത്തിൽ സ്കൂട്ടർ നൽകിയതോടെ കൂടുതൽ പേർക്ക് വിശ്വാസമായി.ഇതാണ് താൻ ഉദ്ദേശിച്ചിരുന്നത് എന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് പരിശോധന നടക്കുന്ന സാഹചര്യത്തിൽ സോഷ്യൽ ബി വെഞ്ചേഴ്സിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘം മടങ്ങിപ്പോയിരുന്നു.കേസിൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ ആനന്ദകുമാറിനെതിരെ കോടതിയിൽ ശക്തമായ തെളിവുകൾ നിരത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷയെ എതിർക്കാനും വിശദാംശങ്ങൾ കോടതിയെ അറിയിക്കാനും ക്രൈംബ്രാഞ്ച് സംഘം തയ്യാറെടുക്കുകയാണ്.പ്രതിയുടെ ജാമ്യ അപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.ആനന് കുമാറാണ് തട്ടിപ്പിന് പിന്നിലെ മുഖ്യ ആസൂത്രകൻ എന്ന വിവരവും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.ഇന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കുന്ന അനന്ദു കൃഷ്ണനെ നാളെ രാവിലെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പുതിയ അപേക്ഷയും അന്വേഷണസംഘം നൽകിയേക്കും