വയനാട്. തലപ്പുഴയിലെ കാട്ടുതീ മനുഷ്യനിര്‍മ്മിതമെന്ന ആരോപണവുമായി വനംവകുപ്പ്. ഉള്‍വനത്തില്‍ കയറി ബോധപൂര്‍വ്വം തീവെച്ചതാണ് എന്ന് സംശയിക്കുന്നതായി വയനാട് നോര്‍ത്ത് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. സര്‍ക്കാരിനെതിരെയും വനംവകുപ്പിനെതിരെയും ജനരോഷം വഴി തിരിച്ചുവിടാനാണ് ഈ നീക്കത്തിന് പിന്നിലെന്നും മാര്‍ട്ടിന്‍ ലോവല്‍ വ്യക്തമായി. അതേസമയം ഇന്നലെ തീയണച്ച കമ്പമലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും തീ പടര്‍ന്നത് ആശങ്കയ്ക്കിടയാക്കി
പിലാക്കാവ് കമ്പമലയിലെ തീപിടിത്തം സ്വാഭാവികമായ സംഭവിച്ചതല്ല എന്ന വിലയിരുത്തലാണ് വനംവകുപ്പിനുള്ളത്. കാട്ടുതീ ഭീഷണി ഉയരേണ്ട സമയമായിട്ടില്ല വയനാട്ടിലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. ആരോ ബോധപൂര്‍വം ഉള്‍വനത്തില്‍ കയറി തീയിട്ടെതെന്നാണ് സംശയം. കടുവ പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ട് തവണയാണ് തലപ്പുഴ മേഖലയിലെ വനത്തില്‍ തീപിടിക്കുന്നത്. ഇതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറയുന്നത്
പിലാക്കാവ് കമ്പമലയില്‍ ഇന്നലെ തീയണച്ച ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷവും തീപടരുന്നത് ആശങ്കക്കിടയാക്കുകയാണ്. പുല്‍മേട്ടില്‍ നിന്ന് താഴെയുള്ള ഇടതൂര്‍ന്ന വനത്തിലേക്ക് തീപടരുമോ എന്നാണ് ആശങ്ക. ഇതിന് താഴെ തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളുമാണ്. വനംവകുപ്പ് സംഘവും ഫയര്‍ഫോഴ്സും മലമുകളില്‍ തീകെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്. കാട്ടുതീയിലെ അസ്വാഭാവികത ബോധ്യപ്പെട്ട സാഹചര്യത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്