എലപ്പുള്ളി മദ്യനിര്‍മാണശാല വിഷയത്തില്‍ പ്രതിപക്ഷനേതാവുമായി സംവാദത്തിന് തയ്യാറെന്ന് എംബി രാജേഷ്

Advertisement

പാലക്കാട്. എലപ്പുള്ളി മദ്യനിര്‍മാണശാല വിഷയത്തില്‍ പ്രതിപക്ഷനേതാവുമായി സംവാദത്തിന് തയ്യാറെന്ന് എംബി രാജേഷ്,തനിക്കും സര്‍ക്കാരിനുമെതിരെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷനേതാവും മുന്‍ പ്രതിപക്ഷനേതാവുമാണെന്നും അവരുമായി സംവദിക്കാന്‍ തയ്യാറെന്നും എംബി രാജേഷ് പറഞ്ഞു,ഇന്ന് രാവിലെ ചാനലിലൂടെ വികെ ശ്രീകണ്ഠന്‍ എംപി സംവാദത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് എംബി രാജേഷിന്റെ മറുപടി,മന്ത്രിയുടെ മഴവെളളസംഭരണി സന്ദര്‍ശനത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി

മദ്യനിര്‍മ്മാണക്കമ്പനി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ മഴവെളളസംഭരണികളില്ലെന്ന വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടേയും വാദങ്ങള്‍ക്ക് മറുപടി നല്‍കാനാണ് മന്ത്രി എംബി രാജേഷ് ഇന്നലെ കഞ്ചിക്കോട്ടെ അഹല്യാ ക്യാമ്പസിലെത്തിയത്.പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെട്ടു,സന്ദര്‍ശനത്തിന്റെ ചുവട് പിടിച്ച് മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി,എംബി രാജേഷ് മഴവെള്ള സംഭരണി കണ്ടത് അന്ധന്‍ ആനയെ കണ്ടപോലെയെന്നും സ്വകാര്യകമ്പനിക്ക് വേണ്ടി ന്യായീകരണം നടത്തുന്നത് അപമാനകരമെന്നും വി കെ ശ്രീകണ്ഠന്‍ എംപി തുറന്നടിച്ചു

അഹല്യാ സന്ദര്‍ശനത്തില്‍ എംബി രാജേഷിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി,ദില്ലിയിലെ അരവിന്ദ് കെജ്രിവാളിന്റെ വിധി പിണറായി വിജയനും വരുമെന്നും അഴിമതിയും ഷെയ്ഡി ഡീലുകളും ആണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു

വിഷയത്തില്‍ എക്‌സൈസ് മന്ത്രിയെ വികെ ശ്രീകണ്ഠന്‍ എംപി തത്സമയ സംവാദത്തിന് വെല്ലുവിളിച്ചു,ഇതിന് പിന്നാലെ വെല്ലുവിളി ഏറ്റെടുത്ത മന്ത്രി ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവോ മുന്‍ പ്രതിപക്ഷ നേതാവോ വരട്ടെ അവരുമായി സംവദിക്കാമെന്ന് മന്ത്രി അറിയിച്ചു,

മഴക്കുഴികളല്ല തടാക തുല്യമായ മഴവെളളസംഭരണിയെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു,ഒരു ഭാഗത്ത് സര്‍ക്കാരും മന്ത്രിയും പദ്ധതിയെ ന്യായീകരിക്കുമ്പോഴും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും തീരുമാനം..

Advertisement