കൊച്ചിയിൽ നിന്ന് കാണാതായ 12കാരിക്ക് രക്ഷകനായത് യുവാവ്, നിർണായകമായത് ഞാറക്കൽ സ്വദേശിയുടെ സമയോചിത ഇടപെടൽ

Advertisement

കൊച്ചി : കൊച്ചി എളമക്കരയിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തുന്നതിൽ നിർണായകമായത് ജോർജെന്ന ഞാറക്കൽ സ്വദേശിയുടെ സമയോചിത ഇടപെടൽ. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ കുട്ടിയെ തടഞ്ഞു നിർത്തി പൊലീസിനെ വിവരം അറിയിച്ചത് ജോർജായിരുന്നു. രക്ഷിതാക്കൾ എത്തുവോളം പന്ത്രണ്ടുകാരിക്ക് ജോർജ് സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് വല്ലാർപ്പാടത്തേക്ക് കുതിച്ചെത്തിയ പൊലീസ് സംഘം രക്ഷകനിൽ നിന്ന് സുരക്ഷിത കരങ്ങളിലേക്ക് കുട്ടിയെ കൈമാറുകയായിരുന്നു.

മാധ്യമങ്ങൾ വഴിയാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് ജോർജ് പറഞ്ഞു. ”സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചാണ് സൈക്കിളിൽ പോകുന്ന കുട്ടിയെ കണ്ടത്. എളമക്കരയിൽ നിന്ന് ഒരു കുട്ടിയെ കാണാതായെന്ന വിവരം മീഡിയിൽ കണ്ട് അറിഞ്ഞിരുന്നു. വീട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോഴും ഒരു കുട്ടിയെ കാണാതായെന്ന് കേട്ടുവെന്ന് പറഞ്ഞിരുന്നു. സൈക്കിളിൽ പോകുന്ന കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി. കുട്ടിയെ തടഞ്ഞ് എവിടെന്ന് വരികയാണെന്ന് ചോദിച്ചു. എളമക്കരയിൽ നിന്നാണെന്ന് പറഞ്ഞു. എങ്ങോട്ട് പോകുകയാണെന്ന് ചോദിച്ചപ്പോൾ ചേട്ടാ നായരമ്പലത്ത് നിന്ന് വരുകയാണെന്നും പറഞ്ഞു. കുട്ടി കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോൾ സ്കൂളിലെ വിഷയം പറഞ്ഞു. ആകെ പ്രയാസമാണ് ചേട്ടാ എന്ന് പറഞ്ഞു. അപ്പോൾ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചു. കുട്ടിയെ ആശ്വസിപ്പിച്ചുവെന്നും ജോർജ് പറയുന്നു.

അർധ രാത്രി പൊലീസും ബന്ധുക്കളും ചേർന്ന് നടത്തുന്ന തെരച്ചിലിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. സ്കൂളിൽ വച്ചുണ്ടായ മനോവിഷമത്തെ തുടർന്നാണ് കുട്ടി വീട്ടിലേക്ക് വരാതിരുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

വൈകീട്ട് അഞ്ചു മണിയോടെയാണ് എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് എളമക്കര സരസ്വതി വിദ്യാനികേതനിലെ എഴാം ക്ലാസ് വിദ്യാർത്ഥിനി ഏറെ വൈകിയും വീട്ടിലെത്തിയില്ലെന്ന വിവരമെത്തുന്നത്. രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുത്ത പൊലീസ് ബന്ധുക്കളോടൊപ്പം തെരച്ചിലിനിറങ്ങി. എസി പി ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം നഗരം അരിച്ചുപെറുക്കി. ഇതിനിടെ സ്കൂൾ യൂണിഫോമിൽ കുട്ടി പച്ചാളം ഭാഗത്തുകൂടി കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തി. അമ്മയുടെ ഫോണുമായി സ്കൂളിലെത്തിയ കുട്ടിയെ സ്കൂൾ അധികൃതർ ശകാരിച്ചിരുന്നു. ഈ മനോവിഷമത്തിലാണ് വീട്ടിലേക്ക് തിരിച്ചുപോകാതിരിക്കാൻ പന്ത്രണ്ടുകാരിയെ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here