തിരുവനന്തപുരം : കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുകളിൽ ടോൾ കൊണ്ട് വരാനുള്ള നീക്കത്തെ എതിർത്തു സിപിഐ. ടോളിൽ എതിർപ്പും എലപ്പുള്ളിയിലെ ബ്രൂവറി വേണ്ടെന്നും ഉള്ള സിപിഐ നിലപാടിനിടെ ആണ് ഇന്ന് എൽഡിഎഫ് യോഗം വൈകീട്ട് ചേരുന്നത്. തദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടോൾ ജന വികാരം എതിരാക്കുമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ എക്സിക്യൂട്ടീവിന്റ തീരുമാനം.
ടോളിന് കാരണം കേന്ദ്രത്തിന്റ നയം ആണെന്ന് ആദ്യം നല്ല രീതിയിൽ ജനത്തെ ബോധ്യപെടുത്തണം എന്നാണ് പാർട്ടി നിലപാട്. ടോളിന്റെ ആവശ്യകത സിപിഎം മുന്നണി യോഗത്തിൽ ആവർത്തിക്കും. വരുമാനം കണ്ടെത്തിയില്ലെങ്കിൽ കിഫ്ബിക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കുന്നത് കേന്ദ്രം എന്ന നിലപാട് സിപിഎം ആവർത്തിക്കും.
സ്വകാര്യ സർവ്വകലാശാല ബിൽ നിയമ സഭ സെലക്ട് കമ്മിറ്റിക്ക് വിടണം എന്നും സിപിഐ എക്സിക്യൂട്ടീവ് തീരുമാനിച്ചതും സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നു. മൂന്നിന് ബിൽ സഭയിൽ അവതരിപ്പിക്കാനാണ് തീരുമാനം. കാര്യോപദേശക സമിതിയിൽ പ്രതിപക്ഷവും ആവശ്യപ്പെട്ടത് ഇതേ നിലപാട് ആയിരുന്നു. വിവാദ വിഷയങ്ങളിൽ മുന്നണി ഇനി എന്ത് തീരുമാനം എടുക്കും എന്നതാണ് അറിയേണ്ടത്.