ഹൈസ്പീഡിലേക്ക് കേരളം; പാലക്കാട് – കോ‍ഴിക്കേ‍ാട് ഗ്രീൻഫീൽഡ് ഹൈവേ അതിവേഗ ഇടനാഴി

Advertisement

പാലക്കാട്: നിർദിഷ്ട പാലക്കാട് – കോ‍ഴിക്കേ‍ാട് ഗ്രീൻഫീൽഡ് ഹൈവേ അതിവേഗ ഇടനാഴിയായി (ഹൈ സ്പീഡ് കോറിഡേ‍ാർ) നിർമിക്കും. പദ്ധതി രൂപരേഖയിൽ ആവശ്യമായ മാറ്റം വരുത്താൻ ദേശീയപാത അതേ‍ാറിറ്റിക്കു കേന്ദ്രസർക്കാർ നിർദേശം നൽകി. സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറാകും പാലക്കാട് – കേ‍ാഴിക്കേ‍ാട് ഹൈവേ. നിർദിഷ്ട കെ‍ാല്ലം – ചെങ്കേ‍ാട്ട ഗ്രീൻഫീൽഡ് ഹൈവേയും അങ്കമാലി – കുണ്ടന്നൂർ ബൈപാസും ഈ രീതിയിൽ നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങൾക്കു തടസ്സമില്ലാതെ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാകും ഹൈവേയുടെ ഘടന. ഇരുചക്രവാഹനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

നിലവിലെ പദ്ധതിയിൽ പാലക്കാട് – മലപ്പുറം – കോഴിക്കോട് ജില്ലകളിലൂടെ പേ‍ാകുന്ന 120.84 കിലോമീറ്റർ ഹൈവേയിൽ പ്രവേശിക്കാനും പുറത്തു പേ‍ാകാനും 12 വീതം സ്ഥലങ്ങളാണുള്ളത്. അതിവേഗപാതയിൽ അതുണ്ടാകില്ല. പകരം സംവിധാനം എങ്ങനെയെന്നു പദ്ധതി രൂപരേഖ തയാറായാലേ അറിയാനാകൂ. നിശ്ചിത ദൂരത്തിൽ അടിപ്പാതകൾ നിർമിക്കും. സർവീസ് റേ‍ാഡ് ഉണ്ടാകില്ലെങ്കിലും ജനവാസമേഖലകളിലെ റേ‍ാഡുകൾ പരമാവധി ബന്ധിപ്പിക്കാനാണു മന്ത്രാലയത്തിന്റെ നിർദേശം. പാതയിൽ പ്രവേശിക്കുന്നിടത്ത് 60 മീറ്റർ വീതിയുണ്ടാകും. പദ്ധതിക്കു വേണ്ട സ്ഥലത്തിൽ 98% ഏറ്റെടുത്തു കഴിഞ്ഞു.

പാലക്കാട് – കോഴിക്കോട് ഒന്നര മണിക്കൂർ അകലം

ഇപ്പോഴത്തെ ദേശീയപാതയിലൂടെ പാലക്കാട് – കോഴിക്കോട് യാത്രയ്ക്കു ശരാശരി നാല് മണിക്കൂർ വേണ്ടിടത്ത് ഗ്രീൻഫീൽഡ് ഹൈവേയിൽ രണ്ട് മണിക്കൂറാണ് കണക്കാക്കുന്നത്. അതിവേഗ ഇടനാഴിയായി രൂപം മാറുമ്പോൾ ഒന്നര മണിക്കൂറിൽ താഴെയാകുമെന്നാണു വിലയിരുത്തൽ. ദേശീയപാത 544ൽ പാലക്കാട് മരുതറോഡിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66ൽ കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി.

LEAVE A REPLY

Please enter your comment!
Please enter your name here