കാഞ്ഞിരപ്പുഴ: മലയാളികളുടെ സ്വപ്നമായ കാസർകോട് – തിരുവനന്തപുരം ആറുവരിപ്പാത ഡിസംബറിൽ യാഥാർഥ്യമാക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞിരപ്പുഴ – ചിറക്കൽപടി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപു മുടങ്ങിയ പദ്ധതിയാണു ദേശീയപാത നിർമാണം. ഇച്ഛാശക്തിയോടെ തീരുമാനമെടുത്താണു വികസനം കൊണ്ടുവരുന്നത്.
കേരളത്തിൽ ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5580 കോടി ചെലവഴിച്ചു. വികസനത്തിൽ സർക്കാർ ആരെയും ഒഴിവാക്കില്ല, വേർതിരിവും കാണിക്കില്ല. വികസനം യാഥാർഥ്യമാക്കാനാണു പ്രയാസം, മുടക്കാൻ പ്രയാസമില്ല. വിവാദം പദ്ധതികളെയും വികസനത്തെയും തടസ്സപ്പെടുത്തും. ഏതു പ്രതിസന്ധിയുണ്ടായാലും മറികടന്നു വികസനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.