മസ്തകത്തിൽ മുറിവേറ്റ കാട്ടാന മയക്ക് വെടിയേറ്റ് വീണു, കോടനാട്ടേക്ക് മാറ്റാൻ ശ്രമം, ആനയുടെ ആരോഗ്യനിലയിൽ ആശങ്ക

Advertisement

തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു. പരിക്കേറ്റ ആനയെ പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ആനയെ മയക്കുവെടി വെച്ചത്. വെടികൊണ്ട ആന മയങ്ങി വീണിരിക്കുകയാണ്. ആനയെ കോടനാട്ടേക്ക് മാറ്റാൻ ശ്രമം നടക്കുകയാണ്. ആനയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നാണ് വിവരം.

വെറ്റിലപ്പാറയ്ക്ക് സമീപം എണ്ണപ്പനത്തോട്ടത്തിന് സമീപത്താണ് ഇന്ന് ആനയെ കണ്ടെത്തിയത്. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ആനയെ മയക്കുവെടി വച്ചത്. മയക്കത്തിലുള്ള ആനയെ കുങ്കി ആനകളുടെ സഹായത്തോടെ കോടനാട് അഭയാരണ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കാനാണ് വനം വകുപ്പിന്റെ ശ്രമം.

കാട്ടുകൊമ്പനെ ലോറിയിലേക്ക് കയറ്റുന്നതിനായി കുങ്കിയാനകളായ കോന്നി സുരേന്ദ്രനെയും കുഞ്ചുവിനെയും വിക്രമിനെയും വെറ്റിലപ്പാറയിലെത്തിച്ചിട്ടുണ്ട്. 25 അംഗ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സാ ദൗത്യം നടക്കുന്നത്.

കഴിഞ്ഞ മാസമാണ്, മസ്തകത്തിൽ പരിക്കേറ്റ നിലയിൽ കാട്ടുകൊമ്പനെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ജനുവരി 24ന് കൊമ്പനെ മയക്കുവെടി വയ്ക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. പരിക്ക് ഭേതമാകാത്ത സാഹചര്യത്തിലാണ് വീണ്ടും മയക്കുവെടി നൽകി ചികിത്സ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here