കൊച്ചി: ബി.ജെ.പി നേതാവ് പി.സി. ജോർജ് ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്നുവെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഹൈകോടതി. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം ഹൈകോടതിയും മജിസ്ട്രേറ്റ് കോടതികളും നൽകിയ ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ല. സമാന കേസിൽ മുമ്പ് ജാമ്യം അനുവദിച്ചപ്പോൾ, പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് ഹൈകോടതി ഓർമിപ്പിച്ചിരുന്നതാണ്. എന്നാൽ, അതടക്കം ഉത്തരവുകൾ നിരന്തരം ലംഘിക്കുകയാണെന്ന് മതവിദ്വേഷത്തിന് ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു.
ചാനൽ ചർച്ചയിൽ മുസ്ലിംവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജോർജ് നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ് കോടതിയുടെ വാക്കാൽ നിരീക്ഷണം. ജോർജിന്‍റെ പരാമർശത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
മുസ്ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടർന്ന് മറുപടി നൽകിയപ്പോൾ സംഭവിച്ച നാക്കുപിഴയാണിതെന്നും ബോധപൂർവമല്ലെന്നുമാണ് ഹരജിക്കാരന്‍റെ വാദം. അബദ്ധം തിരിച്ചറിഞ്ഞപ്പോൾ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞതായും അഭിഭാഷകൻ വാദിച്ചു.
എന്നാൽ, ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങൾ ആവർത്തിക്കുകയാണ് ഹരജിക്കാരനെന്ന് കോടതി വിമർശിച്ചു. 40 വർഷം എം.എൽ.എയായിരുന്ന ജോർജ് സാധാരണക്കാരനല്ല. മുമ്പ് ജാമ്യം നൽകിയ ഉത്തരവിൽ അധിക്ഷേപകരമായി പ്രസംഗിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് വ്യവസ്ഥയുള്ളതെന്നും ചാനൽ ചർച്ചയിലാണ് അബദ്ധം സംഭവിച്ചതെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ചാനൽ ചർച്ചകൾ ലക്ഷങ്ങളാണ് കാണുന്നതെന്ന് കോടതി പ്രതികരിച്ചപ്പോൾ ലക്ഷങ്ങൾ കാണുന്നവിധം മാപ്പുപറഞ്ഞതായി ഹരജിക്കാരനും മറുപടി നൽകി.
ജോർജിന്റേത് വിദ്വേഷപരാമർശമാണെന്നും സമാനമായ മറ്റു കേസുകളുണ്ടെന്നും സർക്കാർ വാദിച്ചു. മുമ്പ് നാലുതവണ സമാന അധിക്ഷേപ പരാമർശത്തിന്‍റെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെ വിശദാംശങ്ങളും ചാനൽ ചർച്ചയിലെ പരാമർശങ്ങളും സർക്കാർ അഭിഭാഷകൻ കോടതിയിൽ വായിച്ചു. മുമ്പ് നടത്തിയ പരാമർശത്തിന് ഒരുദിവസം ജയിലിൽ കഴിഞ്ഞതാണെന്നും ഹരജിക്കാരന്റെ പ്രായം കണക്കിലെടുക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നും എല്ലാ മുസ്ലിംകളും പാകിസ്താനിലേക്ക് പോകണമെന്നുമുള്ള പരാമർശം സാമുദായിക സ്പർധയുണ്ടാക്കുന്നതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകളുടെ ലംഘനം നിസ്സാരമായി കാണാനാവില്ലെന്നും ഹരജിക്കാരൻ പൊലീസിൽ കീഴടങ്ങുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ ബുധനാഴ്ച നിലപാടറിയിക്കാൻ നിർദേശിച്ച കോടതി, അന്ന് വീണ്ടും ഹരജി പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടഞ്ഞുള്ള മുൻ ഉത്തരവിന്‍റെ കാലാവധി അതുവരെ നീട്ടുകയും ചെയ്തു