തിരുവനന്തപുരം. സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കർമാരുടെ സമരം തുടരുമ്പോൾ പിഎസ് സിയില്‍ ശമ്പളം കുത്തനെ കൂട്ടി സർക്കാർ
തുച്ഛമായ നിരക്കിൽ ലഭിക്കുന്ന ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപെട്ട് ആശാ വർക്കർമാർ സമരം ചെയ്യുന്നതിനിടെ പിഎസ് സി ചെയർമാൻ റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ച് സർക്കാർ. നിലവിൽ രണ്ടേകാൽ ലക്ഷത്തോളം രൂപ ശമ്പളം ലഭിക്കുന്ന പിഎസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം പുതിയ വർധനവോടെ 3.8 ലക്ഷത്തിലേക്ക് എത്തും. ജനുവരി 1 മുതൽ മുൻകാല പ്രാബല്യം നൽകണം എന്നായിരുന്നു നിർദ്ദേശമെങ്കിലും മന്ത്രിസഭ അത് അംഗീകരിച്ചില്ല.
7000 രൂപയാണ് സംസ്ഥാനത്തെ ആശാവർക്കർമാരുടെ ഓണറേറിയം .ഇതൊന്ന് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ്
ആശാവർക്കർമാർ ദിവസങ്ങളായി
സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്നത്.എന്നാൽ ഇതൊന്നുമല്ല മന്ത്രിസഭയുടെ മുന്നിലുണ്ടായിരുന്ന അടിയന്തര വിഷയം. അത് പിഎസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർദ്ധിപ്പിക്കലാണ്. നിലവിൽ 2.58 ലക്ഷം രൂപയാണ് PSC അംഗത്തിൻ്റെ ശമ്പളം. ചെയർമാന്റെ ശമ്പളം 2.79 രൂപയും
ഇന്നത്തെ മന്ത്രിസഭാ യോഗം ശമ്പളം പുതുക്കാൻ തീരുമാനിച്ചതോടെ പിഎസ് സി അംഗങ്ങളുടെ ശമ്പളം 380207 രൂപയായി ഉയരും. പിഎസ് സി ചെയർമാൻ്റെ ശമ്പളം 387873 രൂപയായും വർധിക്കും. പിഎസ് സി അംഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തേക്കാൾ 122004 രൂപ ഓരോ മാസവും അധികമായി ലഭിക്കും. ചെയർമാന് 108359 രൂപയും അധികമായി ലഭിക്കും.
ഇത് കൂടാതെ എല്ലാ വർഷവും സേവന കാലത്തിന് അനുസരിച്ച് ശമ്പളം കൂടുകയും ചെയ്യും. ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭ അംഗീകരിച്ചില്ല. ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയാണ് പിഎസ് സി ചെയർമാൻ്റെ ശമ്പള പരിഷ്കരണത്തിന് അടിസ്ഥാനമാക്കിയത്. ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലാണ് അംഗങ്ങളുടെ ശമ്പളം കൂട്ടാൻ മാനദണ്ഡമായത്.
ഇതര സംസ്ഥാനങ്ങളിലെ പിഎസ് സി അംഗങ്ങളുടെ സേവന വേതന വ്യവസ്ഥകൾ അടിസ്ഥാനമാക്കി കൊണ്ടാണ് പിഎസ് സി അംഗങ്ങളുടെയും ചെയർമാന്റെയും ശമ്പളം പരിഷ്കരിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ കേരളത്തിൽ മാത്രമാണ് ഇത്രയധികം പിഎസ്‌സി അംഗങ്ങൾ ഉള്ളത്. സംസ്ഥാനത്ത് ചെയർമാൻ അടക്കം 21 അംഗങ്ങളാണ് പിഎസ് സി യിൽ ഉള്ളത്