തിരുവനന്തപുരം : യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു ജി സി) അടുത്തിടെ പുറത്തിറക്കിയ കരട് ഭേദഗതിക്കെതിരെ ഫെബ്രുവരി 20 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ ഉന്നതവിദ്യാഭ്യാസ കൺവൻഷൻ യഥാർത്ഥത്തിൽ സംസ്ഥാന സർക്കാരിൻ്റെ കേന്ദ്ര വിരുദ്ധ രാഷ്ട്രീയ പരിപാടിയാണ് എന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ
പി എസ് ഗോപകുമാർ എന്നിവര്‍ ആരോപിച്ചു. യു ജി സി പുറത്തിറക്കിയ കരട് ഭേദഗതി സംബന്ധിച്ച് ഫെബ്രുവരി 28 വരെ നിർദേശങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടെന്നിരിക്കെ സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ അതിനെതിരെ വലിയ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ കേന്ദ്ര വിരോധം പ്രകടിപ്പിക്കാനുഉള വേദിയായി കൺവൻഷനെ മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർക്കാർ ദുരുപയോഗം ചെയ്യുന്നു. കൺവൻഷനിൽ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന് സർവകലാശാലകൾക്ക് ക്വോട്ട നിശ്ചയിച്ച് നൽകിയതും ചെലവ് അതത് സ്ഥാപനങ്ങൾ വഹിക്കണമെന്നും ലീവ് അനുവദിക്കണമെന്നും സർക്കുലർ ഇറക്കിയതും ഇതിൻ്റെ തെളിവാണ്. സർക്കാർ രാഷ്ട്രീയ വിരോധം തീർക്കാൻ സർവകലാശാലകളെ ഉപയോഗിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഉന്നത വിദ്യാഭ്യാസ കൺവൻഷൻ്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളത്തിലെ അക്കാദമിക് സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും. രാഷ്ട്രീയ പ്രേരിത കൺവൻഷനിൽ നിന്ന് തങ്ങൾ വിട്ടുനിൽക്കുകയാണെന്ന് ഇവര്‍ പറഞ്ഞു.