കൊച്ചി. പാതിവില തട്ടിപ്പിൽ മുഖ്യപ്രതി അനന്തു കൃഷ്ണനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. ഈ മാസം ഇരുപത്തിയെട്ടാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുക.കുറഞ്ഞ ദിവസം മാത്രമാണ് പ്രതിയെ ചോദ്യം ചെയ്യാൻ സാധിച്ചത് എന്നും കേസിലെ നിർണായകമായ വിവരങ്ങൾ പ്രതിയിൽ നിന്ന് ഇനിയും ലഭിക്കേണ്ടത് ഉണ്ട് എന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. പ്രതി തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആർക്കൊക്കെ കൈമാറി എന്നും അക്കൗണ്ടിലൂടെയും അല്ലാതെയും ആരൊക്കെ പണം വാങ്ങി എന്നതും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.ജനപ്രതിനിധികൾ നേരിട്ട് പ്രതിയിൽ നിന്നും കൈപ്പറ്റിയ പണത്തിന് തെളിവുകൾ ലഭ്യമാണോ എന്നതും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ ഉണ്ട്.ഈ സാഹചര്യത്തിൽ പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്ന് ആവും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയിലൂടെ കോടതിയെ അറിയിക്കുക