തിരുവനന്തപുരം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ ചേർന്നാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി , മന്ത്രി വീണ ജോർജ്, ശശി തരൂർ എം.പി തുടങ്ങിയവരും പങ്കെടുക്കും. 9 നിലകളിലായി 2,70,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 230 കോടി രൂപ ചിലവിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമ്മിച്ചത്.
ഹൃദയ, ന്യൂറോ ശസ്ത്രക്രിയകൾക്ക് ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യം പുതിയ കെട്ടിടം പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ മാറുമെന്നാണ് പ്രതീക്ഷ.
ശ്രീചിത്രയിൽ ആദ്യമായി പേ വാർഡ് സൗകര്യം ഈ കെട്ടിടത്തിൽ ഏർപ്പെടുത്തും. പുതിയ കെട്ടിടത്തിലെ 170 കിടക്കകളിൽ 40 എണ്ണം പേ വാർഡായി ഉപയോഗിക്കും. മിനി ഐ.സി.യു സംവിധാനത്തോടെയാണു കിടക്കകൾ ക്രമീകരിക്കുക. പഴയ കെട്ടിട സമുച്ചയവുമായി ബന്ധിപ്പിച്ച ആകാശ പാതയും സജ്ജമാക്കിയിട്ടുണ്ട്. പൂർണമായി പ്രവർത്തന സജ്‌ജമാകുമ്പോൾ 9 ഓപ്പറേഷൻ തിയറ്ററുകൾ, എംആർഐ ആൻഡ് സിടി സ്കാൻ വിഭാഗം, മൂന്ന് കാത്ത് ലാബുകൾ, സ്‌ലീപ് സ്‌റ്റഡി യൂണിറ്റ്, എക്കോ കാർഡിയോഗ്രഫി സ്യൂട്ട്, നോൺ- ഇൻവേസീവ് കാർഡിയോളജി ഇവാല്യുവേഷന്‍ സ്യൂട്ട് എന്നിവ ഒരുക്കി. വെല്‍നസ് സെന്റര്‍,കൗണ്‍സിലിംങ് കേന്ദ്രങ്ങള്‍, കഫെറ്റീരിയ എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്. വിപുലമായ പാര്‍ക്കിംങ് സൗകര്യവും ഒരുക്കി .
നിലവിൽ മെഡിക്കൽ സ്‌റ്റോർ ഇല്ലാത്ത ശ്രീചിത്രയുടെ പുതിയ കെട്ടിടത്തിൽ ജൻ ഔഷധി കേന്ദ്രം ആരംഭിക്കും. ഈ ബ്ലോക്കിൽ 800 ജീവനക്കാരെ നിയമിക്കും. ഇതിൽ 400 പേർ നഴ്‌സുമാരാണ്. ആദ്യഘട്ടത്തിൽ ഒ.പി ബ്ലോക്കുകൾ മാത്രവും ഘട്ടംഘട്ടമായി ഈ വർഷം തന്നെ പൂർണ തോതിലും മന്ദിരം പ്രവർത്തന സജ്ജമാക്കുമെന്ന് നോഡൽ ഓഫിസറും കാർഡിയോളജി മേധാവിയുമായ ഡോ.എസ് ഹരികൃഷ്‌ണൻ പറഞ്ഞു. 2020 ഫെബ്രുവരിയിൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന് 230 കോടി രൂപ ചെലവായെന്ന് ഡോ.കെ.എസ്.ശ്രീനിവാസൻ, ഡോ.എച്ച്.വി.ഈശ്വർ, ഡോ.കവിത രാജ എന്നിവർ അറിയിച്ചു.