ഗവര്‍ണര്‍ക്ക് അതൃപ്തി; ഉന്നത വിദ്യാഭ്യാസ കണ്‍വന്‍ഷനിൽനിന്ന് വിട്ടുനിന്ന് വിസിമാർ; ‘ഔചിത്യ ബോധമുണ്ടെങ്കിൽ പങ്കെടുത്തേനെ’

Advertisement

തിരുവനന്തപുരം: യുജിസി കരട് റെഗുലേഷനുകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതവിദ്യാദ്യാസ കണ്‍വന്‍ഷന്‍. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വെട്ടിച്ചുരുക്കുന്ന തരത്തിലുള്ള യുജിസി നിര്‍ദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തിൽ പുലർത്തുന്ന ഉത്കണ്ഠ ഒരിക്കൽക്കൂടി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കണ്‍വന്‍ഷനിലൂടെ സാധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും തുടർന്ന് പ്രധാനമന്ത്രിയെയും നേരിൽക്കണ്ട് ആശങ്കകൾ അറിയിക്കാനും കൺവൻഷൻ തീരുമാനിച്ചു.

മലയാളം സര്‍വകലാശാല വിസി ഒഴികെ മറ്റെല്ലാ വിസിമാരും കണ്‍വന്‍ഷനില്‍നിന്നു വിട്ടുനിന്നു. യുജിസി കരട് നിര്‍ദേശത്തിന് എതിരായ കണ്‍വന്‍ഷനില്‍ എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് കാട്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ അറിയിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് വിസിമാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ വിട്ടുനിന്നതെന്നാണു സൂചന. കണ്‍വന്‍ഷനില്‍നിന്നു വിട്ടുനിന്ന വൈസ് ചാൻസലര്‍മാരെ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു വിമര്‍ശിച്ചു. ഔചിത്യബോധമുണ്ടായിരുന്നുവെങ്കില്‍ വിസിമാര്‍ പങ്കെടുക്കുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ താല്‍പര്യമുള്ളവരും ജനാധിപത്യബോധമുള്ളവരും വരാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും മന്ത്രി പറഞ്ഞു.

കരട് റെഗുലേഷനുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് പരുക്കേൽപ്പിക്കരുതെന്നും അടിയന്തരമായി സംസ്ഥാന സർക്കാരുകളുമായും സർവകലാശാലകളുമായും കൂടിയാലോചനകൾക്ക് സന്നദ്ധമാകണമെന്നും പ്രമേയം പാസാക്കി. വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഉയർന്ന പങ്കാളിത്തം സംസ്ഥാനങ്ങൾക്കു വേണമെന്നതാണ് പ്രധാന ആവശ്യങ്ങളിൽ ഒന്ന്. വൈസ് ചാൻസലർമാരുടെ നിയമനത്തിനായുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കുന്നതിലടക്കം സംസ്ഥാന സർവകലാശാലകളുടെ ചരിത്രത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് ഇത്രയേറെ യുജിസി ഏറ്റെടുക്കുന്നത് ഇന്നേവരെ കാണാത്തതാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അധ്യാപകരുടെയും മറ്റ് അക്കാദമിക് ജീവനക്കാരുടെയും തെരഞ്ഞെടുപ്പിൽ, അതാത് മേഖലയിലുള്ള ‘ശ്രദ്ധേയ സംഭാവനകൾ’ സെലക്‌ഷൻ കമ്മിറ്റി പരിഗണിക്കുമെന്ന കരട് മാർഗരേഖയിലെ നിർദേശം ഗുണനിലവാരം കുറയ്ക്കുന്നതിലേക്കും സ്വജനപക്ഷപാതത്തിലേക്കും അഴിമതിയിലേക്കും മാത്രമേ നയിക്കൂ എന്നതിനാൽ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.എൻ.ബാലഗോപാൽ, തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.എം സി.സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോവി ചെഴിയാൻ, ജെ.എൻ.യു പ്രൊഫസർ എമെറിറ്റസ് പ്രഭാത് പട്നായിക്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ, തെലങ്കാന കോളേജിയറ്റ് ആൻഡ് ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്‌ടർ എ. ദേവസേന, കർണാടക ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. എസ്. ആർ നിരഞ്ജന, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. എം പി വിജയകുമാർ തുടങ്ങിയവർ കൺവൻഷനിൽ പങ്കെടുത്തു. ഭരണഘടനയ്ക്കുള്ളില്‍നിന്നു വേണം യുജിസി പ്രവര്‍ത്തിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here