പുതിയ റീൽസ് വിഡിയോയ്ക്കു നേരെ ഉയരുന്ന വിമർശനങ്ങൾക്കു മറുപടിയുമായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഈ വിഡിയോ റീൽ തനിക്കൊരു മോശവുമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യുമെന്നും രേണു പറയുന്നു. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തിൽ സജീവമാകാനാണ് തീരുമാനമെന്നും രേണു പറയുന്നു.
ദാസേട്ടൻ കോഴിക്കോട് എന്ന ആളിനൊപ്പമുള്ള ഗ്ലാമർ റീൽസ് വിഡിയോ കഴിഞ്ഞ ദിവസമാണ് രേണു പങ്കുവയ്ക്കുന്നത്. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽസ് വിഡിയോയായി റിക്രിയേറ്റ് ചെയ്തത്. ഇരുവരും അൽപം ഇഴുകിച്ചേർന്നാണ് അഭിനയിക്കുന്നതും. അതാണ് ചിലരെ ചൊടിപ്പിച്ചത്. ‘സുധിയെ ഓര്‍ത്ത് ജീവിച്ചോളാമെന്ന് പറഞ്ഞവളാണോ ഈ കാട്ടിക്കൂട്ടുന്നത്’, ‘നാണമുണ്ടോ ഇങ്ങനെ ചെയ്യാന്‍’ എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. എന്നാല്‍ രേണുവിന് പിന്തുണ നല്‍കി കൊണ്ടുള്ള കമന്റുകളും ഇതിനൊപ്പമുണ്ട്. ഇതിനിടെ വിമർശകർക്കു മറുപടിയുമായി രേണുവും എത്തി.
‘‘എനിക്ക് ഈ റീൽസ് വിഡിയോ ഒരു മോശവുമായി തോന്നിയിട്ടില്ല. ഇതിൽ ഞാൻ കംഫർട്ട് ആണ്, അതുകൊണ്ട് ചെയ്തു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിനു തരും. അഭിനയം എന്റെ ജോലിയാണ്.
അന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ല. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസ്, അഭിനയവുമൊക്കെ ഉണ്ടായിരുന്നു. സുധിയേട്ടൻ വന്നപ്പോൾ ആ പിന്തുണ മുഴുവൻ ഏട്ടനു കൊടുത്തു. ഇപ്പോൾ എനിക്കു ജീവിക്കണം. അതുകൊണ്ട് അഭിനയം തൊഴിലാക്കി.
ഞാൻ വേറൊരുത്തനെയും കെട്ടാൻ പോയിട്ടില്ല. സുധിച്ചേട്ടന്റെ ഓർമയിൽ ജീവിക്കുകയാണ്. നിങ്ങൾ പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിക്കില്ല. വേറൊരാളെ വിവാഹം ചെയ്യാൻ പറയുന്നവരോട്, എനിക്ക് സൗകര്യം ഇല്ല വിവാഹം കഴിക്കാൻ. ഇനിയും നിങ്ങള്‍ വിമർശിക്കുന്ന ഇതുപോലുള്ള ‘പ്രഹസനം’ കാണിക്കും. ആവശ്യമുള്ളവർ കണ്ടാൽ മതി.
നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർടിസ്റ്റ് ആയവരാണ്. നല്ലതു പറഞ്ഞില്ലേലും പബ്ലിക് ആയി തെറി വിളിക്കാതെ ഇരിക്കുക. അത്രേ ഒള്ളൂ. ഉറക്കം ഉളച്ച് നാടകം ചെയ്യുന്നത് എന്റെ കുടുംബം നോക്കാനാണ്. ഞാൻ വേറൊരുത്തന്റെ കൂടെ പിള്ളേരെ ഇട്ടുപോയോ ഇല്ലല്ലോ?
കാണുന്ന എല്ലാ നെഗറ്റിവ് കമന്റുകൾക്കും രേണു മറുപടി തരും. പേടിച്ചിരിക്കാൻ ഇവരുടെ ഒന്നും വീട്ടിൽ കയറി രേണു ഒന്നും മോഷ്ടിച്ചിട്ടില്ല. സുധിചേട്ടൻ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ് സീരിസിൽ അഭിനയിച്ചിട്ടുണ്ട്. അത് ആരും കണ്ടിട്ടില്ലേ? ഒരു നെഗറ്റിവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. എന്റെ ശരി തന്നെയാണ് ഞാൻ ചെയ്യുന്നത്.
സുധിച്ചേട്ടൻ വിഡിയോ കാണുന്നുണ്ട്. അദ്ദേഹം ഭയങ്കര സന്തോഷവാനാകും. ഒരു സിനിമ ഇപ്പോൾ ചെയ്തു കഴിഞ്ഞു. സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം.’’–രേണുവിന്റെ വാക്കുകൾ.