പ്ലാറ്റ്‌ഫോം പ്രതിസന്ധി, വേണാട് തൽക്കാലം നിലമ്പൂരിലേക്കില്ല; മെമു രാത്രികാല സർവീസ് അടുത്ത ദിവസം ഓടിത്തുടങ്ങും

Advertisement

പെരിന്തൽമണ്ണ: തിരുവനന്തപുരം ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന യാത്രക്കാരുടെ സ്വപ്നത്തിനും ആവശ്യങ്ങൾക്കും ഇനിയും കാത്തിരിക്കണം. റെയിൽവേയുടെ ഇതു സംബന്ധിച്ച പ്രാഥമിക സാധ്യതാ പഠനത്തിലും വിവിധ തലങ്ങളിൽ നടന്ന ചർച്ചകളിലും തീരുമാനം ആശാവഹമല്ല. കഴിഞ്ഞ ദിവസം വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് പി.പി.സുനീർ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് മറുപടിയായി ഈ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു.

രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വേണാട് എക്‌സ്‌പ്രസ് 12.25 നാണ് ഷൊർണൂരിൽ എത്തുക. തിരിച്ച് 2.35 ന് ഷൊർണൂരിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ് ഇപ്പോഴത്തെ സമയക്രമം. ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ നിലമ്പൂരിൽ ഉൾപ്പെടെ 22 കോച്ചുകൾ നിർത്തിയിടാൻ സൗകര്യമില്ലെന്നതാണ് ഒരു പ്രതിസന്ധി. മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്‌റ്റേഷനുകളിൽ നിലവിൽ പ്ലാറ്റ്ഫോമിന്റെ നീളം 22 ആണ്.

പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടിയ ശേഷം ഇക്കാര്യം പരിഗണിക്കാനാവൂ എന്നാണ് റെയിൽവേയുടെ നിലപാട്. 22 എൽഎച്ച്ബി കോച്ചുകളാണ് വേണാടിനുള്ളത്. സാധാരണ കോച്ചുകളേക്കാൾ 2 മീറ്റർ അധിക നീളമുള്ളവയാണ് എൽഎച്ച്ബി കോച്ചുകൾ. 840 എംഎം ആണ് ഇതിന്റെ പ്ലാറ്റ്ഫോമിന്റെ ഉയരം. ഇത് നിർത്തിയിടാൻ നിലവിൽ പാതയിലൊരിടത്തും വേണ്ടത്ര പ്ലാറ്റ്ഫോം സൗകര്യമില്ല.

നിലമ്പൂരിൽ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടിയെങ്കിലും ഇപ്പോഴും 18 എണ്ണത്തിനുള്ള സൗകര്യമേയുള്ളൂ. നിലവിലെ സാഹചര്യത്തിൽ നാല് കോച്ചുകൾ പ്ലാറ്റ്ഫോമുകൾക്ക് പുറത്താണ് നിൽക്കുക. യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഇതുവഴി ഏറെ ബുദ്ധിമുട്ടാകും. ഈ ഭാഗത്ത് അൺ റിസർവ്‌ഡ് കംപാർട്ടുമെന്റുകളാണ് വരുന്നത്. മാത്രമല്ല വേണാട് നിലമ്പൂർ സെക്‌ഷനിലേക്ക് നീട്ടാൻ പാതയിലെ മറ്റു ട്രെയിനുകളുടെ സമയങ്ങളും ക്രമീകരിക്കേണ്ടതുണ്ട്. പുതിയ ക്രോസിങ് സ്‌റ്റേഷനുകൾ പൂർത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണ് തത്വത്തിലുള്ള തീരുമാനം.

വേണാടിന്റെ വാട്ടറിങ്ങും ക്ലീനിങ്ങും ഷൊർണൂരിൽ തന്നെ ചെയ്യാനാകും. വേണാട് എക്‌സ്പ്രസ് നീട്ടുന്നതിനു മുൻപായി ഒട്ടേറെ സാങ്കേതിക നടപടികളും നിർമാണ പ്രവൃത്തികളും പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് റെയിൽവേയുടെ നിലപാട്. അതേ സമയം വേണാട് എക്സ്‌പ്രസ് നിലമ്പൂരിലേക്ക് നീട്ടാനായാൽ പാതയിലെ ട്രെയിൻ യാത്രക്കാർക്ക് പ്രതീക്ഷയുടെ ഒട്ടേറെ വാതിലുകളാണ് തുറന്നിടുക.

എങ്കിലും കഴിഞ്ഞ ദിവസം ട്രെയൽ റൺ നടത്തിയ എറണാകുളം–ഷൊർണൂർ മെമു രാത്രികാല സർവീസ് അടുത്ത ദിവസം തന്നെ നിലമ്പൂരിലേക്ക് ഓടിത്തുടങ്ങും. രാത്രി 9.45 ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 11 ഓടെ നിലമ്പൂരിലെത്തുന്ന രീതിയിലായിരിക്കും ക്രമീകരണം എന്നാണറിവ്. അതുപോലെ പുലർച്ചെ മൂന്നോടെ തിരിച്ച് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് 4.15 ന് ഷൊർണൂരിലെത്തും.

ഇവിടെ നിന്ന് കണ്ണൂരിലേക്ക് യാത്ര തുടരും. ഈ സർവീസ് ആരംഭിക്കുന്നതോടെ രാത്രിയിൽ വിവിധ ദീർഘദൂര ട്രെയിനുകളിൽ ഷൊർണൂരിൽ വന്നിറങ്ങുന്ന നിലമ്പൂർ റൂട്ടിലേക്കുള്ള യാത്രക്കാർക്കും അതിരാവിലെ വിവിധ ഭാഗങ്ങളിലേക്ക് തുടർയാത്രയ്‌ക്കായി ഷൊർണൂരിലെത്തുന്ന യാത്രക്കാർക്കും ഏറെ ആശ്വാസമാകും.

LEAVE A REPLY

Please enter your comment!
Please enter your name here