മാധ്യമങ്ങൾ സെൻസേഷണലിസത്തിനു പകരം വസ്തുനിഷ്ഠമായി ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യണം

Advertisement


കൊട്ടാരക്കര . മാധ്യമങ്ങളും മുതലാളിത്തവും ഇഴചേർന്നാണ്‌ ആധുനിക കാലത്ത്‌ പ്രവർത്തിക്കുന്നതെന്നു വിലയിരുത്തി മാധ്യമ സെമിനാർ. വാർത്തയുടെ മൂല്യം വിൽപ്പനച്ചരയ്‌ക്കെന്ന നിലയിൽ പുനർനിർവചിക്കപ്പെട്ടു. ലോകമാകെ സംഭവിച്ച മാറ്റത്തിൽനിന്ന്‌ ഇന്ത്യയും വേറിട്ടുനിൽക്കുന്നില്ല. രാജ്യത്തെ പ്രധാന മാധ്യമങ്ങളുടെ നിയന്ത്രണം കോർപറേറ്റുകളുടെ കൈകളിലാകുകയും വൻകിട മാധ്യമ ശൃംഖലകൾ അനുദിനം വളരുകയുംചെയ്യുകയാണ്‌. ഇവരുടെ താൽപ്പര്യങ്ങളാണ്‌ എഡിറ്റോറിയൽ നയങ്ങളിൽ ഉൾപ്പെടെ തീരുമാനിക്കുന്നതെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു. മാധ്യമങ്ങൾ സെൻസേഷണലിസത്തിനു പകരം വസ്തുനിഷ്ഠമായി ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യണമെന്നും സെമിനാർ ആവശ്യപ്പെട്ടു. ചില മാധ്യമങ്ങളുടെ നിയന്ത്രണം എഡിറ്റർമാർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആ ചുമതല മാധ്യമ മുതലാളിമാരുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ച് മാറിയെന്നും മോഡറേറ്ററായ കെ വരദരാജൻ പറഞ്ഞു.

ആധുനിക കങ്കാണിമാരായി മാറുന്ന മാധ്യമങ്ങൾ
കങ്കാണി നാടുവാഴികളോടും ഭൂവുടമകളോടും കീഴ്പ്പെട്ടു നിന്നപോലെ മാധ്യമങ്ങൾ ഉടമകൾക്കായി എന്തുമോശം ജോലി ചെയ്യാനും വിമർശിക്കുന്നവരെ വേട്ടയാടാനും ശ്രമിക്കുന്നുവെന്ന്‌ നികേഷ്‌ കുമാർ. മുമ്പ്‌ പല വാർത്താചാനലുകളുടെയും കടന്നുവരവിൽ ബഹുസ്വരതയുടെ നിറവും സ്വഭാവവും പ്രകടമായിരുന്നു. മോദി ഭരണത്തിനു കീഴിൽ രാജ്യത്താകമാനം സംഭവിക്കുന്നതുപോലെ കേരളത്തിലെ മാധ്യമങ്ങളും വലതുവൽക്കരിക്കപ്പെടുന്നു. വാളയാർ അമ്മയുടെ ഇലക്‌ഷൻ പ്രചാരണത്തെയും സിബിഐക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെയും ജമാഅത്തെ ഇസ്ലാമി-, എസ്ഡിപിഐ തുടങ്ങിയ മതമൗലികവാദികളുടെയും സമരത്തെക്കുറിച്ചും അനവധി വാർത്തകൾ തുടർച്ചയായി നൽകിയ മാധ്യമങ്ങൾ സിബിഐ കുറ്റപത്രത്തിലെ അമ്മയ്‌ക്കെതിരായ വിവരം അറിഞ്ഞമട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികടൻ വാരികയ്‌ക്കെതിരായ നീക്കം ജനാധിപത്യത്തിനോടുള്ള വെല്ലുവിളി
അനധികൃത കുടിയേറ്റക്കാരെ അപമാനിക്കുംവിധം കാലുംകൈയും ബന്ധിച്ച് ഇന്ത്യക്കാരെ തിരിച്ചയക്കുന്ന സാഹചര്യത്തിൽ ട്രംപുമായി മോദി സംസാരിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ച തമിഴ്നാട്ടിലെ വികടൻ വാരികയ്‌ക്കെതിരായ നിരോധന നീക്കം ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണെന്ന്‌ രാജാജി മാത്യു തോമസ്. അദാനി ഗ്രൂപ്പ് ദേശീയതലത്തിൽ സ്വതന്ത്രമായി പ്രവർത്തിച്ചുവന്നിരുന്ന എൻഡിടിവിയെ അധാർമികമായ തരത്തിൽ ഏറ്റെടുത്തത് രാജ്യം കണ്ടതാണ്. വൻകിട ബിസിനസ് നടത്തുന്നവർ മാധ്യമ രംഗത്തേക്കെത്തുന്ന ക്രോസ് ഓണർഷിപ്‌ ഇന്ത്യയിലും വ്യാപകമാകുന്നു. ലോകത്താകമാനം ചങ്ങാത്തമുതലാളിത്തത്തിന്റെ പിടി മുറുകുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷേപകനും പ്രേക്ഷകനും ഒരാളാകുന്ന കാലം
പ്രക്ഷേപകനും പ്രേക്ഷകനും ഒരാളാകുന്ന കാലമാണിതെന്ന്‌ ആർ ശ്രീകണ്ഠൻനായർ പറഞ്ഞു. മുഖ്യധാരാമാധ്യമങ്ങൾ വിചാരിച്ചാൽ ഒരു വാർത്ത മൂടിവയ്‌ക്കുക സാധ്യമല്ല. ഓൺലൈൻ പോർട്ടലുകളും സമൂഹമാധ്യമങ്ങളും അത്രത്തോളം വളർന്നുകഴിഞ്ഞു. കോർപറേറ്റ് ലോകത്തിനെതിരെ ജാഗ്രതയോടെ ഇരിക്കേണ്ടത് മാധ്യമങ്ങൾ മാത്രമല്ല, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ വഴിക്കുള്ള അഭിപ്രായ രൂപീകരണമാണ്‌ മാധ്യമങ്ങളുടെ ഉത്തരവാദിത്വം: കെ എൻ ബാലഗോപാൽ
കൊട്ടാരക്കര
സമൂഹത്തെ വലിയ തോതിൽ സ്വാധീനിക്കുന്നവയാണ്‌ മാധ്യമങ്ങൾ. ശരിയായ രീതിയിൽ വാർത്തകൾ അവതരിപ്പിക്കുകയും ശരിയായ അഭിപ്രായ രൂപീകരണത്തിനുവേണ്ടി പ്രവർത്തിക്കുകയുമാണ്‌ മാധ്യമങ്ങൾ ചെയ്യേണ്ടത്‌ എന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച് ‘മാധ്യമങ്ങളുടെ കോർപറേറ്റ്‌വൽക്കരണം’ വിഷയത്തിൽ കൊട്ടാരക്കരയിൽ നടന്ന മാധ്യമ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. മാധ്യമങ്ങളുടെ തെറ്റായ സമീപനം സമൂഹത്തിലുണ്ടാക്കുന്ന അപകടം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി മുൻ മാനേജർ കെ വരദരാജൻ മോഡറേറ്ററായി. മുൻ എംഎൽഎ പി അയിഷാപോറ്റി അധ്യക്ഷയായി. സെമിനാർ കമ്മിറ്റി കൺവീനർ സി മുകേഷ് സ്വാഗതംപറഞ്ഞു. മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ വിഷയം അവതരിപ്പിച്ചു. ജനയുഗം മുൻ ചീഫ് എഡിറ്റർ രാജാജി മാത്യു തോമസ്, ട്വന്റിഫോർ ന്യൂസ് ചെയർമാൻ ആർ ശ്രീകണ്ഠൻനായർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, ഏരിയ സെക്രട്ടറി പി കെ ജോൺസൺ, ജില്ലാ കമ്മിറ്റി അംഗം ജി സുന്ദരേശൻ, മുനിസിപ്പൽ ചെയർമാൻ കെ ഉണ്ണിക്കൃഷ്ണമേനോൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here