പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച നടപടി റദ്ദാക്കണം,എഐടിയുസി

Advertisement

തിരുവനന്തപുരം. പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന്
എഐടിയുസി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ന്യായമായ വേതന വർദ്ധനവ് എന്ന ആവശ്യവും
കുടിശ്ശിഖയില്ലാതെ കൃത്യമായി വേതനം നൽകണമെന്ന അവകാശവും പലപ്പോഴും നിഷേധിക്കുകയാണ്. അതേസമയം പി എസ് സി അംഗങ്ങൾക്ക് വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് അനുചിതവും ഇടതുപക്ഷ സർക്കാരിന് യോജിച്ച കാര്യവുമല്ല.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ
സ്കൂൾ പാചക തൊഴിലാളികൾ, ആശ, അംഗൻവാടി വർക്കർമാർ,പൊതുവിതരണ മേഖലയിലെ താൽക്കാലിക ജീവനക്കാർ, റേഷൻ വിതരണക്കാർ, സ്പഷ്യൽ സ്കൂൾ ജീവനക്കാർ, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കരാർ – താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് അർഹമായ വേതന വർദ്ധനവ് നൽകുവാനും കൃത്യമായി വേതനം നൽകുവാനും സാധിക്കുന്നില്ല.

സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാതെ നാമമാത്രമായ വേതനം കൊണ്ട് ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ നിലവിലുള്ളപ്പോൾ സാധാരണക്കാരായ ഇത്തരം വിഭാഗത്തെ പരിഗണിക്കാതെ ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നത് ഇടതുമുന്നണി സർക്കാരിന് ഭൂഷണമല്ല.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വർഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ടി.ജെ ആഞ്ചലോസും ജനറൽ സെക്രട്ടറി
കെ പി രാജേന്ദ്രനും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here