കുഞ്ഞുവാവ തനിച്ചാണ്…; ഐസിയുവിൽ കഴിയുന്ന 23 ദിവസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി നാട്ടിലേക്കു മടങ്ങി മാതാപിതാക്കൾ

Advertisement

കൊച്ചി: പാലൂട്ടാൻ അമ്മയില്ല, സ്നേഹച്ചൂട് പകരാൻ അച്ഛനും; ലൂർദ് ആശുപത്രിയിലെ നിയോനേറ്റൽ ഐസിയുവിൽ ഓക്സിജൻ മാസ്ക് ധരിച്ചു കിടക്കുന്ന 23 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പേര്: ‘ബേബി ഓഫ് രഞ്ജിത’. അച്ഛനുമമ്മയുമുണ്ടായിട്ടും അവൾ അനാഥയായതിന്റെ ആകുലതയാണു കുഞ്ഞിനെ പരിചരിക്കുന്നവർക്ക്.

കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ മംഗളേശ്വറും ര‍ഞ്ജിതയും. പ്രസവത്തിനായി നാട്ടിലേക്കു പോകുന്ന സമയത്തു ട്രെയിനിൽ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയിൽ രഞ്ജിത പെൺകുഞ്ഞിനു ജന്മം നൽകി.

28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ച. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി കു‍ഞ്ഞിനെ ലൂർദ് ആശുപത്രിയിലെ എൻഐസിയുവിലേക്കു മാറ്റി. അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. അച്ഛൻ‌ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ആശുപത്രിയിൽ‌ നിന്നു ഡിസ്ചാർജ് ചെയ്തു. അന്നുവരെ മകളെ കാണാൻ ആശുപത്രിയിലെത്തുമായിരുന്ന അച്ഛൻ പിന്നീടു വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ആശുപത്രി അധികൃതർ ബന്ധപ്പെട്ടെങ്കിലും ജാർഖണ്ഡിൽ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി. വിളിച്ചാൽ ഫോണിൽ കിട്ടാതായി.

കണ്ണുതുറന്നു ലോകം കാണും മുൻപേ തന്നെയുപേക്ഷിച്ച് അച്ഛനുമമ്മയും നാട്ടിലേക്കു മടങ്ങിയതറിയാതെ ജീവിതത്തോടു പൊരുതുകയാണവൾ. ആശുപത്രിയിലെ ശിശുരോഗ വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലുള്ള ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടു. എങ്കിലും ഇനിയും ഒരു മാസം എൻഐസിയുവിൽ തുടരേണ്ടി വരും.

പൊലീസിനു വിവരം കൈമാറിയെങ്കിലും ശിശുക്ഷേമ സമിതിയെ അറിയിക്കാനായിരുന്നു നിർദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കുഞ്ഞിനെ ഏറ്റെടുക്കാമെന്നു ശിശുക്ഷേമ സമിതി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സയ്ക്കായി കൂടുതൽ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ; രക്തബന്ധത്തെ തേടി അച്ഛനമ്മമാർ മടങ്ങി വരുമെന്ന പ്രതീക്ഷയിലും.

LEAVE A REPLY

Please enter your comment!
Please enter your name here