സിപിഐയുടെ എതിർപ്പ് വിലപ്പോയില്ല; കിഫ്ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി

Advertisement

തിരുവനന്തപുരം: കിഫ്ബിയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താൻ കഴിയണമെന്നും എൽഡിഎഫ് നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടതോടെ കിഫ്ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഉന്നയിച്ച എതിരഭിപ്രായം തള്ളിയാണ് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ സർക്കുലർ പുറത്തിറക്കിയത്. കേരളത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വൻകിട പദ്ധതികൾ വഴി ജനങ്ങൾക്കു ദോഷം ചെയ്യാത്ത നിലയിൽ വരുമാന സ്രോതസ് കണ്ടെത്താൻ കഴിയണമെന്നാണ് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കിഫ്ബിയെ സംരക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം എംഎൻ സ്മാരകത്തിൽ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ബ്രൂവറിക്ക് അനുകൂല നിലപാട് എടുത്തതിനു പിന്നാലെയാണ് സിപിഐയുടെ എതിർപ്പ് അവഗണിച്ച് ടോളിനും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ മുൻ നിലപാടുകളിൽനിന്നു വ്യതിചലിച്ച് ടോൾ പിരിക്കുന്നതു ജനരോഷത്തിന് ഇടയാക്കുമെന്നാണ് സിപിഐ പറയുന്നത്. അതേസമയം, കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണെന്നും വരുമാനം കണ്ടെത്തിയില്ലെങ്കിൽ കിഫ്ബിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും സിപിഎം ഇടതുമുന്നണി യോഗത്തിൽ വ്യക്തമാക്കി.

പാലക്കാട് എലപ്പുള്ളിലിൽ മദ്യനിർമാണശാല അനുവദിക്കുമ്പോൾ ജലത്തിന്റെ വിനയോഗത്തിൽ കുടിവെള്ളത്തെയും കൃഷിയേയും ബാധിക്കാൻ പാടില്ലെന്നും എൽഡിഎഫ് യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 17ന് 11 മണിക്ക് രാജ്ഭവന്റെ മുന്നിലേക്കും അസംബ്ലി മണ്ഡലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്കു മുന്നിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കും. രാജ്ഭവനു മുന്നിൽ 25,000 പേരെയും മണ്ഡലങ്ങളിൽ 5,000 പേരെയും അണിനിരത്തണമെന്നാണ് നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻവിജയം ഉറപ്പിക്കുന്ന തരത്തിൽ മുന്നണി സംവിധാനം ശക്തമാക്കണമെന്നും എൽഡിഎഫ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here