മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. റിംഷാനയുടെ ഭർത്താവ് മുസ്തഫക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്. ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് റിംഷാനയുടെ മാതാവ് സുഹ്റ പറഞ്ഞു.
ജനുവരി അഞ്ചിനാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മാതാവ് പറയുന്നു. ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെൺമക്കളുടെ അമ്മയാണ് റിംഷാന. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു റിംഷാന. വർഷങ്ങളായി ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത്
റിംഷാനയുടെ മൃതദേഹത്തിൽ കരിനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഒൻപതു വർഷം മുൻപാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാൽ രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിൻറെ ആരോപണം. മൂന്നു വർഷം മുൻപ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.