കൊച്ചി: ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശത്തി ബി.ജെ.പി നേതാവ് പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോ തി സിംഗിൾ ബഞ്ച് തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആണ് ഹർജി തള്ളിയത്.ഇനി പോലീസിന് ജോർജിനെ അറസ്റ്റ് ചെയ്യാം.
ചാനൽ ചർച്ചയിൽ മുസ്ലിംവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ജോർജ് നൽകിയ മുൻകൂർജാമ്യ ഹരജിയിൽ കഴിഞ്ഞ ബുധനാഴ്ച കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ജോർജിന്‍റെ പരാമർശത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതി മുൻകൂർജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
മുസ്ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടർന്ന് മറുപടി നൽകിയപ്പോൾ സംഭവിച്ച നാക്കുപിഴയാണിതെന്നും ബോധപൂർവമല്ലെന്നുമാണ് ഹരജിക്കാരന്‍റെ വാദം. അബദ്ധം തിരിച്ചറിഞ്ഞപ്പോൾ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞതായും അഭിഭാഷകൻ വാദിച്ചു.
എന്നാൽ, ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങൾ ആവർത്തിക്കുകയാണ് ഹരജിക്കാരനെന്ന് കോടതി വിമർശിച്ചു. 40 വർഷം എം.എൽ.എയായിരുന്ന ജോർജ് സാധാരണക്കാരനല്ല. മുമ്പ് ജാമ്യം നൽകിയ ഉത്തരവിൽ അധിക്ഷേപകരമായി പ്രസംഗിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് വ്യവസ്ഥയുള്ളതെന്നും ചാനൽ ചർച്ചയിലാണ് അബദ്ധം സംഭവിച്ചതെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ചാനൽ ചർച്ചകൾ ലക്ഷങ്ങളാണ് കാണുന്നതെന്ന് കോടതി പ്രതികരിച്ചപ്പോൾ ലക്ഷങ്ങൾ കാണുന്നവിധം മാപ്പുപറഞ്ഞതായി ഹരജിക്കാരനും മറുപടി നൽകിയിരുന്നു.