അഹമ്മദാബാദ്: കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് തുടക്കം കുറിച്ച ദിനത്തിൽ അഹമ്മദാബാദിൽ ഏഴര പതിറ്റാണ്ടിന് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഫൈലിലേക്ക് ടിക്കറ്റെടുത്തു.
രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതിയ കേരളം ഫൈനലിൽ വിദർഭയെ നേരിടും. ഈ മാസം 26 നാണ് നാഗ്പൂരിലാണ് ഫൈനൽ മത്സരം. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഫൈനലിൽ എത്തുന്നത്.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ ചങ്കിടിപ്പേറ്റി ഗുജറാത്തിന്‍റെ അവസാന ബാറ്റിംഗ് ജോടിയായ അർസാന്‍ നാഗ്വസാലയും പ്രിയാജിത് സിംഗ് ജഡേജയും ക്രീസില്‍ പ്രതിരോധിച്ചു നിപ്പോള്‍ ഫൈനല്‍ ടിക്കറ്റ് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു കേരളം.
9-ാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി 446 റണ്‍സിലെത്തിയിരുന്നു ഗുജറാത്ത്. നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ പിന്നീട് വേണ്ടത് 12 റണ്‍സ്.
ജലജ് സക്നേയെയും ആദിത്യ സര്‍വാതെയെയും ഉപയോഗിച്ച് ആക്രമിക്കാനാണ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ശ്രമിച്ചത്. എന്നാല്‍ പിന്നീട് ഒമ്പതോവറോളം പ്രതിരോധിച്ചു നിന്ന ഇരുവരും കേരളത്തില്‍ നിന്ന് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കുമെന്ന ഘട്ടത്തിലായിരുന്നു ആന്‍റി ക്ലൈമാക്സില്‍ അര്‍സാന്‍ നാഗ്വസ്വാല വീണത്. അതിന് മുമ്പ് നാഗ്വസ്വാല നല്‍കിയ ദുഷ്കരമായൊരു ക്യാച്ച് ഷോര്‍ട്ട് ലെഗ്ഗില്‍ സല്‍മാന്‍ നിസാറിന്‍റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നപ്പോള്‍ ഇത്തവണ ഭാഗ്യം കേരളത്തിന്‍റെ കൂടെയല്ലെന്നായിരുന്നു ആരാധകര്‍ കരുതിയത്.
നാഗ്വാസ്വാലയും പ്രിയാജിത് സിംഗ് ജഡേജയും ആത്മവിശ്വാസത്തോടെ ക്രീസില്‍ പിടിച്ചു നിന്നപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ കാല്‍വേദനയെത്തുടര്‍ന്ന് ടീം ഫിസിയോയുടെ സഹായം തേടിയതോടെ കളി കുറച്ചുനേരം നിര്‍ത്തിവെച്ചു. ടി20 ലോകകപ്പില്‍ റിഷഭ് പന്ത് ദക്ഷിണാഫ്രിക്കയുടെ താളം തെറ്റിക്കാന്‍ പ്രയോഗിച്ച തന്ത്രമാണോ അസറുദ്ദീനും പയറ്റുന്നത് എന്ന് കമന്‍റേറ്റര്‍മാര്‍ വിളിച്ചു ചോദിച്ചത്.
അതിനുശേഷം ലീഡിലേക്ക് വെറും 3 റണ്‍സ് മാത്രം മതിയെന്നഘട്ടത്തില്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചതായിരുന്നു. എന്നാല്‍ നാഗ്വസ്വാലയുടെ ഒരു നിമിഷത്തെ ബുദ്ധിശൂന്യത കേരളത്തിന് കച്ചിത്തുരുമ്പായി. അതുവരെ സര്‍വാതെയും സക്നേയെയും ഫലപ്രദമായി പ്രതിരോധിച്ച നാഗ്വസ്വാല സര്‍വാതെക്കെതിരെ സ്ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച ഷോര്‍ട്ട് നേരെ കൊണ്ടത് ഷോര്‍ട്ട് ലെഗ്ഗില്‍ ഹെല്‍മെറ്റ് ധരിച്ച് ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ തലയിലെ ഹെല്‍മെറ്റിലായിരുന്നു. ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് നേരെ ചെന്നതാകട്ടെ വിക്കറ്റിന് പിന്നില്‍ നില്‍ക്കുയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലും. പന്ത് അനായാസം കൈയിലൊതുക്കിയ സച്ചിന്‍ ബേബിയും കേരളവും ആഘോഷം തുടങ്ങുമ്പോള്‍ ഗുജറാത്ത് താരങ്ങള്‍ കൈയകലെ ഫൈനല്‍ ബെര്‍ത്ത് നഷ്ടമായതിന്‍റെ നിരാശയിലായിരുന്നു.