കോട്ടയം: സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ (62) അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സലായിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 1981 മുതൽ സിപിഐ എം അംഗം. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു.
സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റായി മികച്ച സഹകാരിയെന്ന പേരും സ്വന്തമാക്കി. 2006ൽ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2000 –05ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: ചാരുലത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മരുമകൻ: അലൻ ദേവ് ഹൈക്കോടതി അഭിഭാഷകൻ.