കൊച്ചി: കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി (ഐ.കെ.ജി.എസ്) നാളെ സമാപിക്കും. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രൗഡഗംഭീര ചടങ്ങിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ വാസവൻ, എം.ബി രാജേഷ്, ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ മന്ത്രിമാർ, വ്യവസായ പ്രമുഖർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.
വ്യവസായത്തിനുള്ള അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് ഉച്ചകോടിയിൽ സംരംഭകർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി. ലൈസൻസുകൾ സമയബന്ധിതമായി നൽകും. വ്യവസായ വളർച്ചയ‌്ക്ക് സഹായകരമാകുന്ന സമഗ്രചട്ട ഭേദഗതി ഉടനുണ്ടാകും. ഇതിനുള്ള നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഉച്ചകോടിയിൽ പൂർണസമയവും പങ്കെടുക്കുന്ന മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് തന്നെ കൊച്ചിയിലെത്തിയി
രുന്നു.
ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.വിദേശികളും പ്രവാസികളും ഉൾപ്പെടെ നിക്ഷേപകരുടെ സംഘങ്ങളും ഉച്ചകോടിക്ക് എത്തിയിട്ടുണ്ട്. ആറായിരം അപേക്ഷകളിൽ നിന്നാണ് മൂവായിരം പ്രതിനിധികളെ തിരഞ്ഞെടുത്തത്. 26 രാജ്യങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട നയതന്ത്ര പ്രതിനിധികളുമുണ്ട്. ജർമ്മനി, വിയറ്റ്‌നാം, നോർവേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാൻസ് രാജ്യങ്ങൾ ഇൻവെസ്റ്റ് കേരളയുടെ പങ്കാളികളാണ്.