വാർത്താനോട്ടം

Advertisement

2025 ഫെബ്രുവരി 22 ശനി

BREAKING NEWS

👉പഞ്ചാബിൽ പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടൽ, വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ വെടി ഉതിർത്തു.5 ഗുണ്ടകൾ പിടിയിൽ

👉 ആലപ്പുഴ ചെങ്ങന്നൂരിൽ പെട്രോൾ പമ്പിൽ വയോധികന് ക്രൂര മർദ്ദനം. ബാക്കി നൽകാൻ താമസിച്ചതിനാണ് മർദ്ദനം.

👉 മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച് കേസിൽ ഒരു സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ.കുട്ടിമാക്കൽ സ്വദേശി സഹദേവൻ ആണ് അറസ്റ്റിലായത്.

👉ഇടുക്കി മൂന്നാറിലെ ടാറ്റാ ടീ എസ്റ്റ്റ്റേറ്റ് ആശുപത്രിക്ക് സമീപം ജനവാസ മേഖലയിൽ കാട്ട് പോത്തിറങ്ങി.

👉ഗസ്സയിൽ ഏഴാം ഘട്ട ബന്ദി കൈമാറ്റം ഇന്ന്. ആറ് ഇസ്രായേലി ബന്ദികളെ കൈമാറും

👉 സെക്രട്ടറിയറ്റിന് മുമ്പിലെ ആശാ വർക്കർമാരുടെ സമരം13-ാം ദിനത്തിലേക്കു്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് സമരപന്തൽ സന്ദർശിക്കും

🌴കേരളീയം🌴

🙏 ആഗോളനിക്ഷേപ
ങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍.
പിണറായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്നും ഈ പദ്ധതി കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

🙏 കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പുതിയ സംസ്‌കാരം സി.പി.എം പ്രതിപക്ഷത്ത് വരുമ്പോഴും തുടരണമെന്നും അദ്ദേഹം പറഞ്ഞു.

🙏 ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദേശീയ തലത്തില്‍ ആശാ വര്‍ക്കര്‍മാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം.

🙏 പിഎസ് സി അംഗങ്ങളുടെ ശമ്പള വര്‍ധനയെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണ് ചെയര്‍മാന് കൊടുക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.

🙏 ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നല്‍കരുതെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിനാണ് സ്റ്റേ.

🙏 സി പി എം നേതാവ് പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു രംഗത്ത്. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ കരാറുകള്‍ ചൂണ്ടികാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പരാതി നല്‍കി.

🙏 കണ്ണൂര്‍ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

🙏 ചൈനീസ് ഇന്‍സ്റ്റന്‍ഡ് ലോണ്‍ തട്ടിപ്പ്കേസില്‍ രണ്ട് മലയാളികള്‍ കൂടി റിമാന്‍ഡില്‍. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി വര്‍ഗീസ് എന്നിവരെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷയും കൊച്ചിയിലെ പിഎംഎല്‍എ കോടതി അനുവദിച്ചു.

🙏 ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ പി. സി ജോര്‍ജ്ജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.

🙏 ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ എറണാകുളം ആര്‍ടിഒ ജഴ്സണെ സസ്പെന്‍ഡ് ചെയ്തു. ആര്‍ടിഒക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു. ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു.

🙏 കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം കൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

🙏 കെഎസ്ആര്‍ടിസി ഡിപ്പോകളിലും വര്‍ക് ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന റെക്സിന്‍, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്തുതുടങ്ങി. ക്ലീന്‍ കേരള ക്യാമ്പയിന്റെ ഭാഗമായാണ് മാലിന്യ നീക്കം. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ മുക്ത കെഎസ്ആര്‍ടിസി എന്ന ലക്ഷ്യത്തിലേക്ക് മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

🙏 സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസല്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.റസലിന്റെ വിയോഗം കോട്ടയത്തെ പാര്‍ട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

🙏 ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. പന്നിയാര്‍കുട്ടി ഇടിയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ച റീന കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ്. ഇവരോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന പന്നിയാര്‍കുട്ടി തട്ടപ്പിള്ളിയില്‍ അബ്രാഹാ (50)മിന് ഗുരുതരമായി പരിക്കേറ്റു..

🙏 കൊച്ചി കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കേന്ദ്ര ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും. മനീഷിന്റെ സഹോദരി ശാലിനി വിജയ്ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം. കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ എത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും.

🇳🇪 ദേശീയം 🇳🇪

🙏 ദില്ലി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിര്‍ദ്ദേശം നല്‍കി. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ് മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്.

🙏 ബെംഗളൂരുവിലെ ട്രാഫിക് പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

🙏ബജറ്റ് സമ്മേളനത്തിനിടെയുണ്ടായ ബഹളത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ‘നിങ്ങളുടെ മുത്തശ്ശി’ എന്ന ബിജെപി മന്ത്രിയുടെ പരാമര്‍ശമാണ് ബഹളത്തിന് വഴി തെളിച്ചത്.

🙏 വിദേശനാണ്യ വിനിമയ ചട്ട ലംഘനത്തിന് വിദേശമാധ്യമസ്ഥാപനമായ ബിബിസിക്ക് 3.44 കോടി രൂപ പിഴയിട്ടു ഇഡി. മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ പിഴയും അടയ്ക്കണം. 2023 ല്‍ എടുത്ത കേസിലാണ് നടപടി. 2012 മുതല്‍ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ ആദായനികുതി വകുപ്പും ബിബിസിയുടെ ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു.

🙏 ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് കൈക്കൂലി ആണെന്നാണ് ട്രംപ് ആരോപിക്കുന്നത്.

🙏 ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

🇦🇺 അന്തർദേശീയം 🇦🇴

🙏 വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളില്‍ ഷിരി ബിബാസിന്റേതില്ലെന്ന് ഇസ്രയേല്‍ അധികൃതര്‍. കൈമാറിയ മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ഇസ്രയേലിന്റെ ആരോപണം.

🙏 ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അമേരിക്ക ഫണ്ട് നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം രാജ്യത്തെ ബന്ധപ്പെട്ട് ഏജന്‍സികള്‍ പരിശോധിക്കുന്നതായും മന്ത്രാലയം വെളിപ്പെടുത്തി. യു എസ് ഫണ്ട് ആരോപണത്തില്‍ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നല്‍കി.

🙏 ഇസ്രയേലിലെ ടെല്‍ അവീവില്‍ മൂന്ന് ബസുകളില്‍ ഉഗ്ര സ്ഫോടനം. മറ്റു രണ്ട് ബസുകളിലെ ബോംബ് നിര്‍വീര്യമാക്കി. സ്ഫോടനം നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ആയതിനാല്‍ ആളപായമില്ല. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ പൊലീസ് പറഞ്ഞു.

🏏🏏 കായികം 🏏🏏

🙏 കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തില്‍ ഗുജറാത്തിനെതിരെ നേടിയ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ അകമ്പടിയിലാണ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. മറ്റൊരു സെമിയില്‍ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കലാശപ്പോരില്‍ കേരളത്തിന്റെ എതിരാളികള്‍.

🙏 ചാംപ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 107 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 103 റണ്‍സ് നേടിയ റിയാന്‍ റിക്കിള്‍ട്ടണിന്റെയും തെംബ ബവൂമ, വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here