അട്ടപ്പാടി മധു : പരിഷ്കൃത വർഗ്ഗം മർദ്ദിച്ചു കൊന്ന വിശപ്പിൻ്റെ വിളിയുടെ പ്രതീകം, മധുവിൻ്റെ ഓർമ്മയ്ക്ക് ഇന്ന് ഏഴാണ്ട്

Advertisement

പാലക്കാട്:
2018ഫെബ്രുവരി 22, ലോകത്തിന് മുന്നിൽ കേരളം തലകുനിച്ച ദിവസമായിരുന്നു.അതിദരിദ്രനും നിസ്സഹായനും മനോദൗർബല്യവുമുള്ള ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം തല്ലിക്കൊന്നദിനം. അട്ടപ്പാടി മധു ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം പൂർത്തിയാവുന്നു.ഇത്തരുണത്തിൽ ആൾകൂട്ട മർദ്ദനമേറ്റ് മധു മരിച്ച സംഭവത്തിലേക്കു ഒരെത്തിനോട്ടം.

അട്ടപ്പാടിയിലെ ചിണ്ടക്കി സ്വദേശിയായിരുന്നു മധു. കൊല്ലപ്പെടുമ്പോൾ വെറും 27 വയസ്സ്. ഏഴാംതരംവരെ പഠിച്ചു. അച്ഛന്റെ മരണത്തെത്തുടർന്നാണ് പഠിപ്പു നിർത്തേണ്ടിവന്നത്. സംയോജിത ഗോത്രവികസനപദ്ധതിക്ക് (ഐ.ടി.ഡി.പി.) കീഴിൽ പാലക്കാട്ട് മരപ്പണിയിൽ പരിശീലനം നേടി ജോലിക്കായി ആലപ്പുഴയ്ക്ക് പോയെങ്കിലും അവിടെവെച്ച് ഒരു സംഘർഷത്തിനിടയിൽപ്പെട്ട് തലയ്ക്കു പരിക്കേറ്റു. നാട്ടിൽ മടങ്ങിയെത്തി അലഞ്ഞുനടപ്പായി. ഇതിനിടെ സമീപത്തെ കാടുകയറി ഗുഹകളിലും മറ്റും താമസിക്കാൻ തുടങ്ങി. വല്ലപ്പോഴും നാട്ടിലിറങ്ങും, മടങ്ങും.

കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ
ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തെന്ന് കേസിന്റെ രേഖകളിൽ പറയുന്നു. കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദിച്ചു. മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പോലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പോലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പോലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പിൽവെച്ച് മധു ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ.

ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരക്ഷതമാണു മരണകാരണമെന്നു പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. തലയ്ക്കുപിന്നിൽ മാരകമാംവിധം മുറിവേറ്റിരുന്നു. വാരിയെല്ലുകൾ തകർന്നിരുന്നു. ശരീരത്തിൽ 42 മുറിവുകളെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിലും പറയുന്നു.

മധുവിനെ മർദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയെന്ന നികൃഷ്ടതകൂടി പ്രദർശിപ്പിച്ചു അക്രമികൾ. അവശനായിരിക്കുന്ന മധുവിന്റെ സമീപം നിന്ന് സെൽഫിയെടുത്ത് പ്രചരിപ്പിച്ചു, പ്രതികളിലൊരാൾ. ഈ ദൃശ്യങ്ങൾ സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചു. ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽവരെ വാർത്തയായി. ജനവികാരമുയർന്നതോടെ പോലീസ് 16 പേരെ അറസ്റ്റുചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (ഐ.പി.സി.) പട്ടികജാതി-വർഗ പീഡന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം 2018 മേയ് മാസത്തിൽ കോടതിയിൽ സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here