തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയെ ആര് നയിക്കുമെന്നു രണ്ടു ദിവസത്തിനുള്ളില്‍ അറിയാം. ഇന്നും നാളെയുമായി ഡല്‍ഹിയില്‍ സംസ്ഥാന പ്രസിഡന്റുമാരുടെ സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. മണിപ്പുരില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതു മൂലമാണ് സംസ്ഥാന പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നതെന്നാണ് സൂചന. രാജസ്ഥാനില്‍ നിലവിലുള്ള പ്രസിഡന്റ് മദന്‍ റാത്തോഡിനെതന്നെ ഇന്നു വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുത്തു.
കേരളത്തില്‍ എം.ടി.രമേശിനു തന്നെയാണ് മുന്‍ഗണന എന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറയുന്നു. അഞ്ചു വര്‍ഷം സ്ഥാനത്തു തുടര്‍ന്നവര്‍ ഒഴിയണമെന്ന മാനദണ്ഡപ്രകാരം കെ.സുരേന്ദ്രന്‍ ഒഴിയേണ്ടതാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വരെ തുടരട്ടെ എന്നു തീരുമാനിക്കാനും കേന്ദ്രനേതൃത്വത്തിനു കഴിയും. ഡല്‍ഹിയില്‍ വനിതാ മുഖ്യമന്ത്രിയെ തീരുമാനിച്ചതിനു സമാനമായ നിലപാട് സംസ്ഥാന അധ്യക്ഷപദവിയില്‍ സ്വീകരിച്ചാല്‍ ശോഭാ സുരേന്ദ്രനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
സംസ്ഥാനത്തുനിന്നുള്ള പട്ടിക പരിഗണിച്ച് സെലക്ഷന്‍ പ്രക്രിയ കേന്ദ്രനേതൃത്വം നടത്തി സംസ്ഥാനത്തേക്ക് അറിയിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഇതുവരെ 11 സംസ്ഥാനങ്ങളില്‍ സംസ്ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 36 പ്രസിഡന്റുമാരില്‍ പകുതി പേരെയെങ്കിലും പ്രഖ്യാപിച്ചാല്‍ മാത്രമേ ദേശീയ പ്രസിഡന്റിനെ പ്രഖ്യാപിക്കൂ. ജനുവരി അവസാനത്തോടെ സംസ്ഥാന പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ ദേശീയ പ്രസിഡന്റിനെ പ്രഖ്യാപിക്കണമെന്നാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലേക്കു കടന്നതോടെ ഇക്കാര്യത്തില്‍ താമസം നേരിടുകയായിരുന്നു. 2020 മുതല്‍ ജെ.പി.നഡ്ഡയാണ് ദേശീയ അധ്യക്ഷനായി തുടരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.