തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ദേവസ്വത്തിലെ ആന പാപ്പാന്മാര്‍ നിസഹകരണ സമരം നടത്തി. ദേവസ്വം ചെയര്‍മാന്‍ ഖേദം പ്രകടനം നടത്തിയതോടെ പാപ്പാന്മാര്‍ സമരത്തില്‍നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം കോഴിമാംപറമ്പ് പൂരത്തിന് ദേവസ്വത്തിന്റെ മൂന്ന് ആനകളെ കൊണ്ടുപോയിരുന്നു. എഴുന്നള്ളിപ്പ് കഴിയും മുമ്പേ ആനകളെ തിരിച്ചുകൊണ്ടുപോകാന്‍ പാപ്പാന്‍മാര്‍ തിടുക്കം കൂട്ടിയെന്ന് പറഞ്ഞ് പൂരക്കമ്മറ്റിക്കാര്‍ പാപ്പാന്‍മാരുമായി തര്‍ക്കമുണ്ടായിരുന്നു.
എന്നാല്‍ മൂന്നു മണിക്കൂര്‍ നേരം എഴുന്നെള്ളിക്കാനാണ് കരാറിലുള്ളതെന്നും അതില്‍ കൂടുതല്‍ നേരം ആനകളെ നിര്‍ത്താന്‍ കഴിയില്ലെന്നുമായിരുന്നു പാപ്പാന്‍മാരുടെ വിശദീകരണം. പൂരക്കമ്മിറ്റിക്കാര്‍ പരാതിപ്പെട്ടതോടെ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കോഴിമാംപറമ്പിലെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇതിനിടയില്‍ ദേവസ്വം ചെയര്‍മാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പാപ്പാന്മാര്‍ക്കെതിരെ അവിടെവെച്ചുണ്ടായ പരാമര്‍ശമാണ് പാപ്പാന്മാരെ ചൊടിപ്പിച്ചത്.
ചെയര്‍മാന്‍ മാപ്പു പറയാതെ എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ അയക്കില്ലെന്ന നിലപാടിലായി പാപ്പാന്മാര്‍. ശനിയാഴ്ച രാവിലെ തൊട്ട് നിസഹകരണ സമരം ആരംഭിച്ചതോടെ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ ആനപ്പാപ്പന്മാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒടുവില്‍ വൈകീട്ട് ചെയര്‍മാന്‍ തന്നെ നേരിട്ടെത്തി ചര്‍ച്ചയും വിശദീകരണവും നല്‍കേണ്ടി വന്നു. ഇതോടെയാണ് പാപ്പാന്മാര്‍ സമരത്തില്‍നിന്ന് പിന്മാറിയത്.