ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ട് റെയിൽവെ. കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക്ക് ഇന്റർലോക്കിങ് പാനൽ സംവിധാനം കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ വഴിതിരിച്ചുവിടൽ.
ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്, ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുക. കൂടാതെ കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിൻ്റെ സർവീസിലും മാറ്റമുണ്ട്.
നാളെ വൈകീട്ട് നാലേമുക്കാലോടെ ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഇൻഡോർ – തിരു. നോർത്ത് എക്‌സ്പ്രസ് (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സർവീസ് നടത്തുക. എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സർവീസ് നടത്തുക.
മറ്റൊരു സർവീസ് ക്രമീകരണം ഉള്ളത് കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിനാണ്. ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംക്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. അന്ന് വൈകീട്ട് ആലപ്പുഴയിൽ നിന്ന് എന്നതിന് പകരം 5.15ന് എറണാകുളത്തു നിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.