ചേട്ടന്റെ മരണവിവരമറിയിക്കാൻ തിരയുന്നതിനിടെ അനിയൻ കായംകുളത്ത് മരിച്ച നിലയിൽ; ഇരുവരുടെയും സംസ്കാരം ഒരുമിച്ച്

Advertisement

എരുമേലി: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാൻ സമൂഹമാധ്യമം വഴി അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയിൽ കണ്ടെത്തി. നെടുങ്കാവയൽ ചാത്തനാംകുഴി സി.ആർ.മധു (51) ആന്ധ്രയിൽ ശനിയാഴ്ചയാണു മരിച്ചത്. ജോലിക്കായി വീട്ടിൽനിന്നുപോയ അനുജൻ സി.ആർ.സന്തോഷിനെ (45) മധുവിന്റെ മരണവാർത്ത അറിയിക്കാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷിന്റെ ചിത്രവും ഫോൺ നമ്പരും പോസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി. തുടർന്നു കായംകുളം പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു.

ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാൻഡിലെ കടയ്ക്കുമുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൾക്കു സന്തോഷുമായി സാമ്യമുണ്ടെന്ന് അറിയിച്ചു. മരിച്ചത് സന്തോഷ് തന്നെയാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്കാരം ഒരുമിച്ച് പിന്നീടു നടത്തും. ആന്ധ്രയിൽ അധ്യാപകനായിരുന്നു മധു. അസുഖബാധിതനായാണു മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായിരുന്ന സന്തോഷ് ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ടാണ് ആഴ്ചകൾക്കു മുൻപു വീട്ടിൽനിന്നു പോയത്. മധുവിന്റെ ഭാര്യ: മണി. മകൻ: ആകാശ് (വിദ്യാർഥി). സന്തോഷ്കുമാറിന്റെ ഭാര്യ: ബീന. മക്കൾ: ആദർശ്, അദ്രി (ഇരുവരും വിദ്യാർഥികൾ).

LEAVE A REPLY

Please enter your comment!
Please enter your name here