കേരള എൻട്രൻസ്: റാങ്കിങ് എങ്ങനെ, കേരളീയനെന്നു തെളിയിക്കാൻ ഏതെല്ലാം രേഖകൾ അപ്‌ലോഡ് ചെയ്യണം; വിശദമായി അറിയാം

Advertisement

കേരള എൻട്രൻസിന് വിവിധ വിഭാഗക്കാർ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റ്, കോഴ്സിന്റെ സീറ്റ് വിഭജനം, സാമുദായിക സംവരണക്രമം തുടങ്ങിയവയെപ്പറ്റി കൂടുതലറിയാം.
ക്രീമിലെയർ അല്ലെന്നു തെളിയിക്കാൻ
പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ (മേൽത്തട്ടിലല്ലെന്ന) സർട്ടിഫിക്കറ്റ് ഹാജരാക്കണം (അനുബന്ധം 27). പ്രോസ്‌പെക്‌ടസിന്റെ11–ാം അനുബന്ധത്തിലെ പിന്നാക്ക സമുദായ ലിസ്‌റ്റിലെ (പേജ് 157, 158) ഏതു വിഭാഗത്തിൽ പെടുന്നുവെന്നും വ്യക്തമാക്കിയിരിക്കണം. സംവരണം കിട്ടാൻ മറ്റ് അർഹസമൂദായക്കാരും (ഒഇസി) മേൽത്തട്ടിലല്ലെന്ന രേഖ നൽകണം. ഓരോ തരത്തിലുമുള്ള സംവരണം ലഭിക്കുന്നതിന് പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ യഥാസമയം അപ്‌ലോഡ് ചെയ്യണം. പട്ടികവിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതിസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

സീറ്റ് വിഭജനം
എംബിബിഎസ്, ബിഡിഎസ് സർക്കാർ സീറ്റുകളുടെ 15% അഖിലേന്ത്യാ ക്വോട്ടയായി നീക്കിവച്ചിരിക്കുന്നു. അഗ്രി / വെറ്ററിനറി / ഫിഷറീസ് / സർവകലാശാലകളിലെ കോഴ്സുകൾക്കുമുണ്ട് അഖിലേന്ത്യാ വിഹിതം. കേന്ദ്ര / സംസ്‌ഥാന സർക്കാരുകളുടെ നോമിനികൾക്കും മറ്റുമുള്ള സംവരണ സീറ്റുകൾ വേറെ. സ്‌പോർട്‌സ്, എൻസിസി, വിമുക്‌തഭട ക്വോട്ട, കർഷകരുടെ മക്കൾ തുടങ്ങിയ വിശേഷ സംവരണ വിഭാഗങ്ങൾക്കു നീക്കിവയ്‌ക്കുന്ന സീറ്റുകൾ ഇവയ്‌ക്കു പുറമേ. ഇവ കഴിച്ച് സർക്കാർ / എയ്‌ഡഡ് / സർക്കാർ കോസ്റ്റ്–ഷെയറിങ് എൻജി കോളജുകളിലേക്കു കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകളിൽ കോഴ്‌സ് തിരിച്ച് 5% ഭിന്നശേഷിക്കാർക്കായി വകയിരുത്തും. മേൽ സൂചിപ്പിച്ചവയും മാനേജ്‌മെന്റ് ക്വോട്ടയും ഒഴികെയുള്ള സീറ്റുകളിലേക്കു മെറിറ്റ് – സംവരണ മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ താൽപര്യവും പരിഗണിച്ച്, തിരഞ്ഞെടുപ്പു നടത്തി, അവരെ വിവിധ കോഴ്‌സുകളിലേക്ക് / സ്‌ഥാപനങ്ങളിലേക്ക് ഓൺലൈനായി അലോട്ട് ചെയ്യും. ഓപ്ഷൻ സമർപ്പണത്തിനു മുൻപ് സീറ്റുകൾ ഇനം തിരിച്ച് അറിയാം.

സാമുദായിക സംവരണക്രമം
കേരളത്തിലെ പ്രഫഷനൽ കോഴ്സുകൾക്കുള്ള സംവരണക്രമം പാലിക്കും.
റാങ്കിങ് എങ്ങനെ?
ആകെ 5 റാങ്ക് ലിസ്‌റ്റുകളുണ്ടാകും. 1. എൻജിനീയറിങ് 2. ആർക്കിടെക്‌ചർ 3. ആയുർവേദം ഒഴികെ മെഡിക്കൽ / അനുബന്ധ /കാർഷിക കോഴ്സുകൾ 4. ആയുർവേദം 5. ബിഫാം എൻജിനീയറിങ് പ്രവേശനത്തിന് എൻട്രൻസിലെ നോർമലൈസ് ചെയ്ത മാർക്കും 12–ലെ 3 ഐച്ഛികവിഷയങ്ങളിലെ സ്റ്റാൻഡേഡൈസ് ചെയ്ത മൊത്തം മാർക്കും, തുല്യവെയ്റ്റ് നൽകി (1:1) കൂട്ടിച്ചേർക്കുന്നു. ഓരോന്നിനും 300 വീതം ആകെ 600 മാർക്ക് ആയിരിക്കും റാങ്കിങ്ങിന്റെ അടിസ്‌ഥാനം. ആർക്കിടെക്‌ചർ റാങ്കിങ്ങിന്, പ്ലസ്‌ടുവിലെ സ്‌റ്റാൻഡേഡൈസ് ചെയ്യാത്ത മൊത്തം മാർക്കും ‘നാറ്റ’ എന്ന അഭിരുചിപരീക്ഷയിലെ മാർക്കും തുല്യവെയ്റ്റ് നൽകി കൂട്ടിച്ചേർക്കും. ഓരോന്നിനും 200 വീതം ആകെ 400 മാർക്കാണ് റാങ്കിങ്ങിന്റെ അടിസ്‌ഥാനം. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെയും, മറ്റു മെഡിക്കൽ, അനുബന്ധ / കാർഷിക കോഴ്‌സുകളിലെയും റാങ്കിങ്ങിന് 2025ലെ നീറ്റ് യുജി റാങ്കാണു നോക്കുക. പ്ലസ്ടുവിനു സംസ്‌കൃതം രണ്ടാം ഭാഷയായി പഠിച്ചവർക്ക് നീറ്റ് യുജി മാർക്കിനോട് 8 മാർക്ക് പ്രത്യേകം കൂട്ടിച്ചേർത്തായിരിക്കും ആയുർവേദ റാങ്കിങ്. സംസ്കൃതമില്ലാത്തവരുടെ നീറ്റ് റാങ്ക് മാത്രം പരിഗണിക്കും. ബിഫാം റാങ്കിങ്ങിന് കേരള ഫാർമസി എൻട്രൻസിലെ സ്കോർ മാത്രം നോക്കും. ഒന്നിലേറെ സെഷനുകളിൽ പരീക്ഷ നടത്തിയെങ്കിൽ, സ്കോർ നോർമലൈസ് ചെയ്തെടുക്കും. പരമാവധി സ്കോർ 300.
ആരാണ് കേരളീയർ?
കേരളീയനെന്നു തെളിയിക്കാൻ താഴെ പറയുന്നവയിൽ ഒരു രേഖ അപ്‌ലോഡ് ചെയ്യണം. 1. ജനനസ്‌ഥലം കേരളത്തിലാണെന്നു കാട്ടുന്ന എസ്‌എസ്‌എൽസി പേജിന്റെ പകർപ്പ്. 2. അച്ഛനമ്മമാരിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചെന്നു തെളിയിക്കുന്ന എസ്‌എസ്എൽസി പകർപ്പും മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും 3. അപേക്ഷകനോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചെന്നു തെളിയിക്കുന്നന്ന പാസ്‌പോർട്ട് പകർപ്പ്. അച്ഛന്റെയോ അമ്മയുടെയോ പാസ്‌പോർട്ടാണെങ്കിൽ മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും. 4. വിദ്യാർഥിയോ അച്ഛനോ അമ്മയോ കേരളത്തിൽ ജനിച്ചതാണെന്നു വില്ലേജ് ഓഫിസർ നിർദിഷ്‌ട ഫോർമാറ്റിൽ നൽകിയ സർട്ടിഫിക്കറ്റ്. അച്ഛന്റെയോ അമ്മയുടെയോ ജനനസർട്ടിഫിക്കറ്റാണെങ്കിൽ, മകൻ / മകൾ ആണെന്ന സർട്ടിഫിക്കറ്റും (പ്രോസ്പെക്ടസിന്റെ 35–ാം അനുബന്ധത്തിൽ ഇതിന്റെ ഫോർമാറ്റുണ്ട്). 6. അച്ഛൻ / അമ്മ കേരളത്തിലേക്ക് അലോട്ട് ചെയ്‌ത അഖിലേന്ത്യാ സർവീസ് ഓഫിസർ ആണെന്ന രേഖ (അനുബന്ധം 35 എ).

കേരളീയരല്ലാത്തവർ രണ്ടു തരം
ഒന്നാം കാറ്റഗറി: സായുധസേനാംഗങ്ങളടക്കം കേരളത്തിൽ സേവനമനുഷ്‌ഠിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ, കേരള സർക്കാരിൽ രണ്ടു വർഷമെങ്കിലും സേവനമനുഷ്‌ഠിച്ചിട്ടുള്ള കേരളീയരല്ലാത്ത ജീവനക്കാർ എന്നിവരുടെ കുട്ടികൾ. 11, 12 ക്ലാസുകൾ കേരളത്തിൽ പഠിച്ചിരിക്കണം. ഇക്കാര്യങ്ങൾ ഓഫിസ് മേധാവി / പ്രിൻസിപ്പൽ നിർദിഷ്ടഫോമിൽ സാക്ഷ്യപ്പെടുത്തണം. കഴിഞ്ഞ 12 വർഷത്തിൽ 5 വർഷമെങ്കിലും വിദ്യാർഥി കേരളത്തിൽ താമസിച്ചിരുന്നാലും മതി. ഇതു വില്ലേജ് ഓഫിസർ ഫോമിൽ സാക്ഷ്യപ്പെടുത്തണം. 8 മുതൽ 12 വരെ ക്ലാസുകൾ കേരളത്തിൽ പഠിച്ചവരും ഈ വിഭാഗത്തിൽപെടും. ഇക്കാര്യം നിർദിഷ്ടഫോമിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം. മെഡിക്കൽ അടക്കം സ്‌റ്റേറ്റ് മെരിറ്റ് സീറ്റുകളിലേക്കു മാത്രം പരിഗണിക്കും; സംവരണാനുകൂല്യമില്ല. സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ പ്രോസ്പെക്ടസ് അനുബന്ധങ്ങളിലുണ്ട്. രണ്ടാം കാറ്റഗറി: കേരളീയരല്ലാത്തവരിൽ, ഒന്നാം കാറ്റഗറിയിൽപെടാത്തവർ. കോസ്റ്റ്–ഷെയറിങ്, സ്വാശ്രയ കോളജുകളിലടക്കം നിർദിഷ്ട കോഴ്സുളിലേക്കു മാത്രം നിബന്ധനകൾക്കു വിധേയമായി പരിമിതമായി പ്രവേശനമുണ്ട്. വിശദാംശങ്ങൾ പ്രോസ്പെക്ടസിന്റെ 46, 47 പുറങ്ങളിലുണ്ട്.

പിഐഒ / ഒസിഐ
പഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്നീ വിഭാഗക്കാരെ പ്രവേശനക്കാര്യത്തിൽ ഇന്ത്യൻ പൗരന്മാരെപ്പോലെ പരിഗണിക്കും. പക്ഷേ ഒരു സംവരണത്തിനും അർഹതയില്ല.
പ്രത്യേകം ശ്രദ്ധിക്കാൻ
∙സ്പോർട്സ് ക്വോട്ടക്കാർ ഓൺലൈൻ അപേക്ഷയുടെ അക്നോളജ്മെന്റ് പേജും പ്രസക്തരേഖകളും സ്പോർട്സ് കൗൺസിലിനും എൻസിസി ക്വോട്ടക്കാർ ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർക്കും അയയ്ക്കണം.
∙ മെഡിക്കൽ/ ഡെന്റൽ ഉൾപ്പെടെ ന്യൂനപക്ഷപദവിയുള്ളവയടക്കം എല്ലാ സ്വകാര്യ / സ്വാശ്രയ/ ഓട്ടോണമസ് കോളജുകളിലെയും എൻആർഐ സീറ്റുകളും ന്യൂനപക്ഷ ക്വോട്ട സീറ്റുകളും അലോട്ട് ചെയ്യുന്നത് എൻട്രൻസ് കമ്മിഷണറാണ്. സൈറ്റിൽ പറഞ്ഞിട്ടുള്ള രേഖകൾ അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യണം.
∙ കേരള കാർഷിക സർവകലാശാലയിലെ അഗ്രി എൻജിനീയറിങ്, ഫുഡ് ടെക്നോളജി / വെറ്ററിനറി സർവകലാശാലയിലെ ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി / ഫിഷറീസ് സർവകലാശാലയിലെ ഫുഡ് ടെക്നോളജി ബിടെക് പ്രോഗ്രാമുകളിൽ പ്രവേശനം വേണ്ടവർ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയെഴുതണം .
∙സ്‌പെഷൽ റിസർവേഷൻ ആഗ്രഹിക്കുന്നവരും എൻട്രൻസ് പരീക്ഷ എഴുതണം.
∙ സൈറ്റിൽ നൽകുന്ന മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും വിദ്യാർഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം.

ബി ആർക്ക് പ്രവേശനയോഗ്യത
ഫിസിക്സ്, മാത്‌സ് എന്നീ നിർബന്ധ വിഷയങ്ങളും, അവയ്ക്കു പുറമേ കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷനൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഐടി, ഇൻഫർമേഷൻ പ്രാക്ടീസസ്, എൻജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് ഇവയിലൊന്നും ചേർത്ത് മൊത്തം 45% മാർക്കോടെ പ്ലസ്ടു / തുല്യപരീക്ഷ ജയിച്ചിരിക്കണം. 45% മൊത്തം മാർക്കോടെ മാത്‌സ് ഉൾപ്പെട്ട 3–വർഷ ഡിപ്ലോമ ജയിച്ചിരുന്നാലും മതി. കൂടാതെ, NATA എന്ന ദേശീയ അഭിരുചി പരീക്ഷയിൽ നിർദിഷ്ട യോഗ്യതയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here