കണ്ണൂര്‍. കാട്ടാന കലിയിൽ രണ്ട് മനുഷ്യജീവനുകൾ കൂടി പൊലിഞ്ഞപ്പോഴും ആറളം ഫാമിലെ ആനമതിൽ നിർമ്മാണം എങ്ങും എത്തിയിട്ടില്ല. ആനമതിൽ നിർമ്മിക്കുന്നതിൽ അപാകതയുണ്ടെന്നും അഴിമതി ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. പക്ഷേ നിർമ്മാണം നിലച്ചതിനുള്ള കാരണം കരാറുകാരന്റെതാണെന്നാണ് സർക്കാർ വാദം. പ്രതിഷേധം ഉയരുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ളതാണോ ആന മതിലെന്ന ചോദ്യമാണ് നാട്ടുകാര്‍ക്ക്
കഴിഞ്ഞവർഷം സെപ്റ്റംബർ 24 ന് ആറളം ഫാമിലെ ആന മതിൽ നിർമ്മാണം പൂർത്തിയാവേണ്ടതാണ്…പണി ഇഴഞ്ഞതോടെ ഈ വർഷം മാർച്ച് 31 നകം പണി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും നിർദ്ദേശം നൽകി. പക്ഷേ ഇപ്പോഴും നാല് കിലോമീറ്റർ മാത്രമാണ് മതിൽ നിർമ്മിച്ചത്.
37.9 കോടി രൂപ ചെലവിൽ പത്തരകിലോമീറ്റർ ദൂരമാണ് ആന മതിൽ നിർമ്മിക്കേണ്ടത്. ഇതിനായി മരം മുറിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും പ്രവൃത്തി മുന്നോട്ട് പോയില്ല. നിർമ്മാണം നിലച്ചതിന് കാരണം കരാറുകാരന്റെ അനാസ്ഥയാണെന്ന് മന്ത്രി ഒ ആർ കേളു.
സർക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നെന്നും ജാഗ്രത നിർദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ടതില്ലെന്നും നാട്ടുകാർ…കാട്ടാനകലി വർധിക്കുമ്പോൾ വനം വകുപ്പിനെതിരെയും, ജില്ലാ ഭരണകൂടത്തിന് എതിരെയും പ്രതിഷേധം കനക്കുകയാണ്