തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ വാർഡ് പ്രസിഡൻ്റുമാർക്ക്  44 നിർദ്ദേശങ്ങൾ അടങ്ങിയ മാർഗ്ഗരേഖയുമായി കെപിസിസി

Advertisement

തിരുവനന്തപുരം . തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ വാർഡ് പ്രസിഡൻ്റുമാർക്ക് നിർദ്ദേശം നൽകി കെ.പി.സി.സി. 44 നിർദ്ദേശങ്ങൾ അടങ്ങിയ മാർഗ്ഗരേഖ വാർഡ് പ്രസിഡൻ്റുമാർക്ക് നൽകി. എല്ലാ മാസവും ഒരു തവണയെങ്കിലും വാർഡിലെ മുഴുവൻ വീടുകളും സന്ദർശിക്കണമെന്നും നിർദ്ദേശം.


തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കോൺഗ്രസിന്റെ മാർഗരേഖ. വാർഡിലെ ജനങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തണം എന്നതാണ് മാർഗ്ഗരേഖയിലെ നിർദ്ദേശം. അതിൻറെ ഭാഗമായി എല്ലാ മാസവും ഗൃഹസന്ദർശനം നടത്തണം. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരവും ഉൾപ്പെടുത്തിയ കുടുംബ രജിസ്റ്റർ തയ്യാറാക്കണം. ഗൃഹ സന്ദർശനം മിനിറ്റ്സിൽ രേഖപ്പെടുത്തണം. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും റസിഡൻസ് അസോസിയേഷനുകളുമായും നല്ല ബന്ധം സൂക്ഷിക്കണമെന്നും വാർഡ് പ്രസിഡൻ്റുമാർക്ക് കെ.പി.സി.സി നൽകിയ മാർഗരേഖയിൽ പറയുന്നു.

ഒരുമാസം കുറഞ്ഞത് രണ്ടുതവണയെങ്കിലും വാർഡ് കമ്മിറ്റി ചേരണമെന്നും കെ.പി.സി.സി നിർദ്ദേശിക്കുന്നു. മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ശനി, ഞായർ ദിവസങ്ങളിൽ ചേരുന്നതാണ് അഭികാമ്യം എന്നും നിർദേശം. മരണവും വിവാഹവും ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് സാന്നിധ്യവും സഹായവും ഉറപ്പുവരുത്തണം. ജനങ്ങൾക്ക് ഉപകാരപ്രദമായ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിലൂടെ വോട്ടർമാരെ സഹായിക്കണമെന്നും നിർദേശമുണ്ട്. മതസാമുദായിക സാംസ്കാരിക സംഘടനകളുമായി ഊഷ്മളമായ ബന്ധം നിലനിർത്തണം. സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകണം. പാർട്ടി പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളും പരിപാടികളും കൃത്യമായി സംഘടിപ്പിക്കണം. അതത് വാർഡുകളിലെ പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കണമെന്ന് മാർഗ്ഗരേഖ നിർദ്ദേശിക്കുന്നു. പുതിയ വോട്ടർമാരെ കണ്ടെത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നും കെ.പി.സി.സി പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here