തിരുവനന്തപുരം.കൊല്ലത്ത് പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനം റോഡിലിറക്കിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് വിശദീകരണം തേടി എൻഫോഴ്‌സ്മെന്റ് ആർടിഒ . മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിലിനോടാണ് ദക്ഷിണ മേഖല ആർടിഒ വിശദീകരണം ആവശ്യപ്പെട്ടത്. പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലാത്ത എൻഫോഴ്സ്മെന്റ് വാഹനം യുവാവ് തടഞ്ഞ് പിഴ അടപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് നടപടി.
ഓയൂർ ജംഗ്ഷന് സമീപം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുമ്പോഴാണ് സമീപത്തുണ്ടായിരുന്ന അൽത്താഫ് എന്ന യുവാവ് പിഴ അടപ്പിച്ചത്. പരിവാഹൻ സൈറ്റിൽ കയറി സർക്കാർ വാഹനത്തിന് പൊലൂഷ്യൻ സർട്ടിഫിക്കറ്റില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണു യുവാവ് പണി കൊടുത്തത്.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെ എംവിഐ അനിലിനോട് ദക്ഷിണ മേഖല ആർടിഒ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ഏഴു ദിവസത്തിനുള്ളിൽ മറുപടി എഴുതി നൽകണമെന്നാണ് നിർദ്ദേശം. മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരിപാലന ചുമതല അതാത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണ്. ഇദ്ദേഹം ഇതിൽ വീഴ്ച വരുത്തിയോ എന്നാണ് പരിശോധിക്കുന്നത്.