കൊച്ചി. സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട പ്രതികളുടെ കണ്ടുകെട്ടിയ പണം പരാതിക്കാർക്ക് വിട്ടു നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കണ്ടകെട്ടിയ പണം നിക്ഷേപകർക്ക് തിരികെ കൊടുക്കും. കാരക്കോണം മെഡിക്കൽ കോളേജ് തട്ടിപ്പിൽ ഇരകളായവർക്ക് പണം കൈമാറി.
കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്ത് അസാധാരണമായി വിളിച്ച വാർത്താ സമ്മേളനത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. സാമ്പത്തിക തട്ടിപ്പിൽ ഇരകളായി പണം നഷ്ടപ്പെട്ട് കഴിയുന്നവർ നിയമത്തിന്റെ കുരുക്കിൽ പെട്ട് വർഷങ്ങളാണ് കാത്തിരിക്കാറുള്ളത്. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ നേരിട്ട് പണം കൈമാറുകയാണ്. ഇതിന്റെ ഭാഗമായി കാരക്കോണം മെഡിക്കൽ കോളേജ് തട്ടിപ്പിൽ ഉൾപ്പെട്ട എട്ടുപേർക്ക് പണം തിരികെ നൽകി. ആറു പേരുടെ 80 ലക്ഷം രൂപയാണ് തിരികെ കൊടുത്തത്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കണ്ടുകെട്ടിയ പണം തിരികെ കൊടുക്കുമെന്ന് ഇഡി അറിയിച്ചു. ബാങ്കിലേക്ക് ആയിരിക്കും കണ്ടുകെട്ടിയ പണം ഇ ഡി കൊടുക്കുക. പണം നഷ്ടപ്പെട്ടവർക്ക് പിന്നീട് ബാങ്കിൽ നിന്നും തുക സ്വീകരിക്കാവുന്നതാണ്. മൂന്നുമാസം മുൻപ് ഇ ഡി കരുവന്നൂർ ബാങ്കിനെ ഈ വിവരം അറിയിച്ചിരുന്നതാണ്. എന്നാൽ ഇതുവരെ ബാങ്ക് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഹൈറിച്ച് കേസിലും ബട്ട് അതോറിറ്റിയോട് പണം ഇരകൾക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ ആവും പണം നൽകുക. കൊടകര കുഴൽ പണ കേസിൽ പ്രതികളുടെ വസ്തുവകകൾ അറ്റാച്ച് ചെയ്തുകൊണ്ടിരിക്കുന്നുവെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇടി അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ സിമി എസ് നേതൃത്വത്തിൽ ആയിരുന്നു വാർത്താസമ്മേളനം.