തിരുവനന്തപുരം. അധികമാരോടും സംസാരിക്കാത്ത അന്തര്മുഖനായിരുന്നു പ്രതി അഫാന്. ലഹരി ഉപയോഗിക്കുന്നതായി അറിവില്ലെന്നാണ് അഫാനെ കുറിച്ച് നാട്ടുകാർ പറയുന്നത്. എന്നാൽ എട്ടു വർഷങ്ങൾക്ക് മുൻപ് മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന് അഫാൻ എലി വിഷം കഴിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതുപോലെ തന്‍റെ പ്രണയം സാഫല്യത്തിനെത്തുന്നതിനെ എല്ലാവരും എതിര്‍ത്തത് ഇയാളുടെ നില തെറ്റിച്ചിരിക്കാമെന്ന് അഭ്യൂഹമുണ്ട്.
പേരുമലയിലെ മിക്ക നാട്ടുകാർക്കും അഫാനെ കുറിച്ചുള്ളത് ഇതേ അഭിപ്രായം. പുറത്തു കാണുമ്പോൾ സൗമ്യതയോടെ ചിരിക്കും. അധികം സംസാരിക്കാറില്ല. സഹോദരൻ അഫ്സാനെ എപ്പോഴും ഒപ്പം കൊണ്ട് നടക്കുന്നത് കാണാറുണ്ട് . ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുക്കും. ലഹരി ഉപയോഗിച്ച് കണ്ടിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി അഫ്ഫാന്റെ പെരുമാറ്റത്തിൽ ചില വ്യത്യാസമുണ്ടായിരുന്നതായി സുഹൃത്ത് പറഞ്ഞു.
അഫാൻ പിതാവ് ജോലി ചെയ്യുന്ന സൗദിയിൽ വിസിറ്റിംഗ് വിസയിൽ മാസങ്ങൾക്ക് മുൻപ് പോയിരുന്നു. നാട്ടിൽ എത്തി പ്രത്യേകിച്ച് ജോലിയൊന്നും ചെയ്തിരുന്നില്ല. മാതാവിനോട് ഇടയ്ക്ക് പണം ആവശ്യപ്പെടാറുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ആത്മഹത്യ പ്രവണത അഫാൻ മുൻപും കാണിച്ചിട്ടുണ്ട്. എട്ടു വർഷം മുൻപ് വീട്ടുകാർ മൊബൈൽ വാങ്ങി നല്കാത്തതിന് അഫാൻ എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇന്നലെ എലി വിഷം കഴിച്ച നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച അഫ്ഫാൻ ആദ്യം ചികിത്സയ്ക്ക് തയ്യാറായിരുന്നില്ല. പിന്നീട് നിർബന്ധിച്ചപ്പോഴാണ് ഡോക്ടർമാർക്ക് വഴങ്ങിയത്. നിലവിൽ നിരീക്ഷണത്തിലുള്ള പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും അറസ്റ്റു രേഖപ്പെടുത്തി പ്രതിയെ ചോദ്യം ചെയ്യുക. പ്രതി ലഹരി ഉപയോഗിച്ചതിന് നേരത്തേ തെളിവൊന്നുമില്ല,നാട്ടുകാര്‍ക്കുംഅറിയില്ല. എന്നാല്‍ ഏതെങ്കിലും ലഹരി സ്വാധീനത്തിലാകും ഇത്തരം കൊടുംക്രൂരകൃത്യം ഇയാള്‍ ചെയ്തിരിക്കുക എന്ന ചിന്തയിലാണ് അന്വേഷണോദ്യോഗസ്ഥര്‍. ഇയാള്‍ ലഹരി ഉപയോഗിച്ചു എന്ന് അനൗദ്യോഗിക വിവരമുണ്ട്.